മാത്യു ടി തോമസ് വേണ്ട; മന്ത്രിയായി കെ. കൃഷ്ണൻകുട്ടി മതിയെന്ന് ജെഡിഎസ് സംസ്ഥാന എക്സിക്യൂട്ടിവ് യോഗം
മന്ത്രി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.
മന്ത്രി മാത്യു ടി തോമസിനെതിരെ ജെ.ഡി.എസ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. മന്ത്രി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു. സ്വന്തം ഇമേജ് വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനം മാത്രമാണ് മന്ത്രി നടത്തുന്നതെന്നും തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മാത്യു ടി തോമസിനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കൃഷ്ണന്‍കുട്ടി വിഭാഗം.
ജനതാദള്‍ എസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവില്‍ മാത്യു ടി തോമസിനെ ലക്ഷ്യം വെച്ച് രൂക്ഷ വിമര്‍ശനമാണ് അംഗങ്ങള്‍ ഉയര്‍ത്തുന്നത്. മന്ത്രി പാര്‍ട്ടിക്ക് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്നില്ല, ഇമേജ് വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനം മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്, ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് പാര്‍ട്ടി വളര്‍ത്താനുള്ള അവസരം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താനാകുന്നില്ല, സര്‍ക്കാരിന്‍റേയും ജലവിഭവ വകുപ്പിന്‍റേയും പ്രവര്‍ത്തനങ്ങള്‍ ഒന്നും ജനതാദള്‍ നേതൃത്വം അറിയുന്നില്ല എന്നിങ്ങനെയാണ് കെ കൃഷ്ണന്‍ കുട്ടി എം.എല്‍.എയെ അനുകൂലിക്കുന്ന തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞത്.
മന്ത്രിയെ മാറ്റണമെന്ന ആവശ്യം യോഗത്തില്‍ ശക്തമായി ഉന്നയിക്കാന്‍ തന്നെയാണ് കൃഷ്ണന്‍കുട്ടി പക്ഷത്തിന്‍റെ തീരുമാനം. മന്ത്രിയെ മാറ്റണമെന്ന നിലപാട് തന്നെയാണ് ഭൂരിപക്ഷം എം.എല്‍.എമാര്‍ക്കുമെന്നും കൃഷ്ണന്‍കുട്ടി വിഭാഗം അവകാശപ്പെടുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ മന്ത്രിയെ താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണ് ഒരു വിഭാഗം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് മന്ത്രിയെ പിന്തുണക്കുന്നവരുടെ നിലപാട്.
മുന്‍ മന്ത്രി ജോസ് തെറ്റയില്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന്‍റെ പിന്തുണയും മാത്യു ടി തോമസിനുണ്ട്. മന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്‍റെ നിലപാടും നിര്‍ണ്ണായകമാകും. ഇന്ന് എക്സിക്യൂട്ടീവ് യോഗം അവസാനിക്കും. നാളെയാണ് സംസ്ഥാന കമ്മറ്റി യോഗം നടക്കുക.