ഫാന്‍സുകാരേ... ഫ്ളക്‌സ് എടുത്തു മാറ്റിയില്ലെങ്കില്‍ കളി കാര്യമാകും

ഫ്ളക്സുകള്‍ എടുത്തുമാറ്റാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, കേരളപഞ്ചായത്ത് രാജ്, മുന്‍സിപാലിറ്റി ആക്ട് എന്നിവ പ്രകാരം നടപടിയെടുക്കും. ഫ്‌ളക്‌സുകള്‍ കൂട്ടിയിടുകയോ ഉപേക്ഷിക്കുകയോ ചെയ്താലും നടപടി...

Update: 2018-07-14 13:37 GMT
Advertising

ഫാന്‍സുകാരുടെ ശ്രദ്ധക്ക്. ലോകകപ്പ് ഫുട്ബാള്‍ രണ്ട് ദിവസത്തിനകം കൊടിയിറങ്ങും. വിവിധ ടീമുകള്‍ക്ക് പിന്തുണ അറിയിച്ച് വെച്ച ഫ്‌ളക്‌സുകള്‍ മാറ്റിയില്ലെങ്കില്‍ പിന്നെ കോഴിക്കോട്ടെ ആരാധകരുടെ കളി കാര്യമാകും. ഫ്‌ളക്‌സുകള്‍ ഈ മാസം 17നുള്ളില്‍ നീക്കം ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോഴിക്കോട് ജില്ലാകലക്ടര്‍ ഉത്തരവിട്ടു.

ലോകകപ്പ് അങ്ങ് റഷ്യയില്‍ പൊടിപൊടിക്കുമ്പോള്‍ ഈ കൊച്ചു കേരളത്തിലെ യുദ്ധം ഫ്‌ളക്‌സുകളിലൂടെയായിരുന്നു. നാടൊട്ടുക്ക് ഫ്‌ളക്‌സ് മയം. മെസിയും നെയ്മറും, ഗ്രീസ്മാനും, റൊണാള്‍ഡോയുമെല്ലാം ഫ്‌ളക്‌സുകളില്‍ പന്തുതട്ടാന്‍ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു.

Full View

ഇനിയാണ് യഥാര്‍ത്ഥ കളി. അത് കോഴിക്കോട് ജില്ലാ കലക്ടറുടേതാണ്. ഫൈനല്‍ കഴിഞ്ഞ് രണ്ട് ദിവസം കൂടി സമയം തരും. ആവേശമൊക്കെ കഴിഞ്ഞാല്‍ പിന്നെ ഈ ഫ്‌ളക്‌സുകള്‍ എടുത്തുമാറ്റിയിക്കേണം. അതും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ തന്നെയാകണം. അല്ലാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം, കേരളപഞ്ചായത്ത് രാജ്, മുന്‍സിപാലിറ്റി ആക്ട് എന്നിവ പ്രകാരം നടപടിയെടുക്കാനാണ് കലക്ടര്‍ യു വി ജോസിന്റെ നിര്‍ദ്ദേശം. ഇത് നിരീക്ഷിക്കേണ്ട ചുമതല തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും.

പോളി വിനൈല്‍ ക്ലോറൈഡ് എന്ന രാസവസ്തു അടങ്ങിയ ഈ ഫ്‌ളക്‌സുകള്‍ കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. പരിസ്ഥിതി മലിനീകരണത്തിന് വഴിയൊരുക്കുന്ന ഫ്‌ളക്‌സുകള്‍ പൊതുജനങ്ങളുടെ ആരോഗ്യത്തിനും ജീവനു തന്നെയും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഉത്തരവ്. മറ്റൊന്നു കൂടെ ഈ ഫ്‌ളക്‌സുകള്‍ എടുത്ത് മാറ്റി കൂട്ടിയിടുകയോ ഉപേക്ഷിക്കുകയോ ചെയ്താലും നടപടിയുണ്ടാകും.

Tags:    

Similar News