ആറന്‍മുള വള്ളസദ്യക്ക് തുടക്കമായി
ഇടക്കുളം മുതല്‍ ചെന്നിത്തല വരെ വ്യാപിച്ച് കിടക്കുന്ന പള്ളിയോടക്കരകളില്‍ നിന്ന് 52 പള്ളിയോടങ്ങള്‍ വിവിധ ദിവസങ്ങളിലായി വള്ളസദ്യയില്‍ പങ്കെടുക്കും...
ചരിത്ര പ്രസിദ്ധമായ ആറന്‍മുള വള്ളസദ്യക്ക് തുടക്കമായി. മൂന്ന് മാസക്കാലം നീണ്ടുനില്‍ക്കുന്ന വഴിപാട് വള്ളസദ്യയില്‍ വിവിധ പള്ളിയോടങ്ങള്‍ക്കായി ഇതിനോടകം 350 ഓളം വള്ളസദ്യകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുള്ള വള്ളസദ്യയുടെ പ്രത്യേകതയാണ്.
വള്ളസദ്യയോടനുബന്ധിച്ച് രാവിലെ മുതല്‍ തന്നെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ തിരുനടയില്‍ ഭദ്രദീപം തെളിച്ച് ആദ്യ ഇലയില്‍ വിഭവങ്ങള്‍ വിളമ്പിയതോടെ ഈ വര്‍ഷത്തെ വള്ളസദ്യക്ക് തുടക്കമായി. ആദ്യ ദിനത്തില്‍ കോയിപ്രം, തെക്കേമുറി, മാരാമണ്‍ എന്നീ പള്ളിയോടങ്ങള്‍ക്കാണ് വഴിപാട് വള്ളസദ്യയുണ്ടായിരുന്നത്. ഇനിയുള്ള മൂന്ന് മാസക്കാലം ആറന്മുള ക്ഷേത്ര മുറ്റത്ത് വള്ളസദ്യകള്‍ നടക്കും.
ഇടക്കുളം മുതല്‍ ചെന്നിത്തല വരെ വ്യാപിച്ച് കിടക്കുന്ന പള്ളിയോടക്കരകളില്‍ നിന്ന് 52 പള്ളിയോടങ്ങള്‍ വിവിധ ദിവസങ്ങളിലായി വള്ളസദ്യയില്‍ പങ്കെടുക്കും. ഉദ്ദിഷ്ടകാര്യ സിദ്ധി, സര്‍പ്പദോഷ പരിഹാരം മുതലായവയ്ക്കാണ് പാര്‍ഥസാരഥിയുടെ പ്രതിരൂപമായ പള്ളിയോടങ്ങള്‍ക്ക് സദ്യവിളമ്പുന്നതെന്നാണ് വിശ്വാസം.