ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച
മരണകാരണമായ തലയ്ക്കേറ്റ ക്ഷതം ആശുപത്രി അധികൃതർ പരിശോധിച്ചില്ല
അഞ്ചലില്‍ ആൾക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. മരണകാരണമായ തലയ്ക്കേറ്റ ക്ഷതം ആശുപത്രി അധികൃതർ പരിശോധിച്ചില്ല. അതേ സമയം സംഭവത്തിൽ രണ്ടാൾ മാത്രമാണ് പ്രതിയെന്ന പൊലീസ് വാദം തള്ളുന്ന മാണിക്കിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.
കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാൾ സ്വദേശിയായ മാണിക്കിനെ ഒരു കൂട്ടമാളുകൾ മർദ്ദിച്ച് അവശനാക്കുന്നത്. മാരകമായി മർദ്ദനമേറ്റ മാണിക്കിനെ നാട്ടുകാരും പൊലീസും ചേർന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൻ വീഴ്ച്ചയുണ്ടായതാണ് വൂണ്ട് സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമാകുന്നത്. തലക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവ് ആശുപത്രി അധികൃതർ പരിശോധിച്ചില്ല. മൂക്കിന്റെ എക്സറേ എടുത്തതായി വൂണ്ട് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എക്സറേയിൽ മൂക്കിൽ രക്തം കട്ടപിടിച്ചു കിടക്കുന്നുവെന്ന് കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതം പരിശോധിക്കാതെ മാണിക്കിനെ ഡിസ്ചാർജ് ചെയ്തതാണ് ആരോഗ്യനില കൂടുതൽ വഷളാക്കാൻ ഇടയായത്. അതേ സമയം സംഭവത്തിൽ രണ്ട് പ്രതികൾ മാത്രമാണുള്ളതെന്ന പൊലീസ് വാദം തെറ്റാണെന്ന് വ്യക്തമാകുന്ന മാണിക്കിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിൽ മർദിച്ച സംഘത്തിൽ മൂന്നു പേർ ഉൾപ്പെട്ടതായി മാണിക് പറയുന്നുണ്ട്. ആക്രമണത്തിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ കോൺഗ്രസ് നേതാക്കൾ സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് സി.പി. എം രംഗത്ത് വന്നിരുന്നു.