വാണിജ്യാടിസ്ഥാനത്തിനുള്ള ഇലക്ട്രിക് ബസ് സര്‍വീസിന് സര്‍ക്കാര്‍ തീരുമാനം കാത്ത് കെഎസ്ആര്‍ടിസി

സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വെഹിക്കിള്‍ പോളിസിയുടെ പശ്ചാത്തലത്തില്‍ 50 ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ലീസ് അടിസ്ഥാനത്തില്‍ എടുക്കാവുന്നതാണ്.

Update: 2018-07-19 06:46 GMT
Advertising

ഇലക്ട്രിക് ബസുകളുടെ പരീക്ഷണം വിജയകരമായ പശ്ചാത്തലത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിന് സര്‍ക്കാരിന്‍റെ നയപരമായ തീരുമാനം കാത്ത് കെഎസ്ആര്‍ടിസി. സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വെഹിക്കിള്‍ പോളിസിയുടെ പശ്ചാത്തലത്തില്‍ 50 ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ലീസ് അടിസ്ഥാനത്തില്‍ എടുക്കാവുന്നതാണ്. എന്നാല്‍ വാടകയ്ക്ക് ബസുകള്‍ എടുക്കുന്ന കാര്യത്തില്‍ തൊഴിലാളി സംഘടനകളുടെ അടക്കം എതിര്‍പ്പ് വന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനം വരട്ടെയെന്ന നിലപാടിലാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനടക്കമുള്ളവര്‍.

പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ നടത്തിയ ഇലക്ട്രിക് ബസുകളുടെ സര്‍വീസുകള്‍ വിജയകരമായിരുന്നു. ഇതാണ് ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസിയെ പ്രേരിപ്പിക്കുന്നത്. ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്താനാണ് ആലോചന. ആഗോള ടെണ്ടര്‍ വിളിച്ച് സര്‍വീസ് നടത്താന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തും. ടെണ്ടര്‍ ലഭിക്കുന്ന കമ്പനി തന്നെയാവും ഡ്രൈവറെ നല്‍കുക. കണ്ടക്ടറെ കെഎസ്ആര്‍ടിസിയും നല്‍കും. കിലോ മീറ്ററിനായിരിക്കും വാടക. ആഗോള ടെണ്ടര്‍ തയ്യാറാക്കുന്ന നടപടികളിലേക്ക് കെഎസ്ആര്‍ടിസി കടന്നു കഴിഞ്ഞു. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നയമപരമായി തീരുമാനം വന്നാല്‍ ഉടന്‍ ആഗോള ടെണ്ടര്‍ വിളിക്കാനാണ് പദ്ധതി.

സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വെഹിക്കിള്‍ പോളിസിയില്‍ നീല കുറിഞ്ഞി സീസണില്‍ മൂന്നാറിലേക്കും ശബരിമല തീര്‍ത്ഥാടന കാലയളവില്‍ പമ്പയിലേക്കും ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ലീസ് അടിസ്ഥാനത്തില്‍ 50 ബസുകള്‍ കെഎസ്ആര്‍ടിസി എടുക്കാനും കഴിയും. എന്നാല്‍ മറ്റ് കാലയളവിലേക്കും കൂടി സര്‍വീസ് ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് നയപരമായ തീരുമാനം മന്ത്രി സഭ എടുക്കണമെന്ന നിലപാട് ഗതാഗമന്ത്രി അടക്കമുള്ളവര്‍ സ്വീകരിക്കുന്നത്.

Tags:    

Similar News