അഭിമന്യു വധം: മുഹമ്മദിനെയും ഷാനവാസിനേയും കസ്റ്റഡിയില്‍ വിട്ടു
കേസിലെ പ്രധാന പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മുഹമ്മദിനെയും ഷാനവാസിനേയും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം...
അഭിമന്യു വധകേസിലെ ഒന്നാം പ്രതി മുഹമ്മദിനെയും 25ാം പ്രതി ഷാനവാസിനേയും ഈ മാസം 28 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും ചോദ്യം ചെയ്യണമെന്ന് പോലീസ് കോടതിയെ അറിയിച്ചു.
കേസിലെ പ്രധാന പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മുഹമ്മദിനെയും ഷാനവാസിനേയും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ആവശ്യം അംഗീകരിച്ച കോടതി ഒരാഴ്ചത്തേക്കാണ് സമയം അനുവദിച്ചത്. കേസില്‍ ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെങ്കിലും അഭിമന്യുവിന്റെ കൊലപെടുത്തിയതാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിന്റെ പങ്കും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ കേസിലെ പ്രധാന പ്രതിയാണെന്നുള്ള വിവരം ലഭിച്ചതോടെ ഉന്നതതല ഗൂഢാലോചന അടക്കമുള്ളവയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു ജിഫ്രി, നവാസ്, അനസ് എന്നീ പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം നാല് വരെ നീട്ടി.