സംഘ്പരിവാര്‍ ഭീഷണി; എസ് ഹരീഷിന്റെ നോവല്‍ ‘മീശ’ പിന്‍വലിച്ചു
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലാണ് പിന്‍വലിച്ചത്.
എഴുത്തുകാരന്‍ എസ് ഹരീഷിന്റെ പുതിയ നോവല്‍ മീശ പിന്‍വലിച്ചു. സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലാണ് പിന്‍വലിച്ചത്. നോവല്‍ പിന്‍വലിച്ചത് എഴുത്തുകാരന്റെ ആവശ്യത്തെ തുടര്‍ന്നാണെന്നാണ് ആഴ്ചപതിപ്പിന്റെ വിശദീകരണം
മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് വരുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ വ്യാപകമായി തന്നെ സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നു. നോവലിന്റെ മൂന്ന് ലക്കങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്നതായിരുന്നു നോവലിന്റെ ഇതിവൃത്തം.
നോവലിന്റെ രണ്ടാം ലക്കത്തില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നതുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ സംഭാഷണമാണ് വിശ്വഹിന്ദുപരിഷത്ത് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്. ക്ഷേത്രവിശ്വാസികളായ ഹിന്ദുസ്ത്രീകളെ അപമാനിക്കുന്നതാണ് എഴുത്തുകാരന്റെ പരാമര്‍ശങ്ങളെന്ന് ആരോപിച്ച് നോവലിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ അക്രമമുണ്ടായി. തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം നടക്കുന്ന അപമാനത്തെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്നാണ് എസ് ഹരീഷ് മാതൃഭൂമി ആഴ്ചപതിപ്പിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് അടുത്ത ലക്കം മുതല്‍ മീശ നോവല്‍ ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിക്കില്ല.