അഭിമന്യു കൊലപാതകം; നേരിട്ട് പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം 

കേസില്‍ ഇനിയും പിടിയിലാകാനുള്ളവരെ കുറിച്ച് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളില്‍ നിന്ന് വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Update: 2018-07-22 07:29 GMT
Advertising

അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം. കേസില്‍ ഇനിയും പിടിയിലാകാനുള്ളവരെ കുറിച്ച് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളില്‍ നിന്ന് വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും കൊലപാതകത്തിന്റെ സ്വഭാവം പ്രതികള്‍ക്ക് കൃത്യം നടത്താനുള്ള പ്രാവീണ്യം തെളിയിക്കുന്നതാണെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Full View

കേസിലെ ഒന്നാം പ്രതി മുഹമ്മദിനെയും 25ാം പ്രതി ഷാനവാസിനേയും കോടതി ഇന്നലെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. രണ്ട് പ്രതികളെയും കൂടുതല്‍ ചോദ്യം ചെയ്യുക വഴി തെളിവുകള്‍ ശേഖരിക്കാനും ഒളിവിലുള്ളവരെ കണ്ടെത്താനുമാകും പൊലീസ് ശ്രമിക്കുക. അഭിമന്യുവിനെ വധിക്കാന്‍ കൊലയാളി സംഘത്തെ ഏര്‍പാടാക്കുന്നതിന് നേതൃത്വം വഹിച്ചത് ക്യാംപസ് ഫ്രണ്ട് നേതാവ് ആരിഫ് ബിന്‍ സലീമാണെന്നും ഇന്നലെ പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കേസിലെ ഒന്നാം പ്രതി മുഹമ്മദടക്കമുള്ള എസ്ഡിപിഐ പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഇതിനായി ആരിഫ് ഗൂഡാലോചന നടത്തി. എസ് എഫ് ഐ പ്രവര്‍ത്തകരെ അക്രമിക്കാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയതായും പോലീസ് കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരിന്നു. ഗൂഢാലോചന സംബന്ധിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതോടെ ഇക്കാര്യത്തിലെ കൂടുതല് തെളിവ് ശേഖരണവും വരും ദിവസങ്ങളില് നടക്കും.

അതേസമയം ഒന്നാം പ്രതിയായ മുഹമ്മദ് മുഖ്യപ്രതിയായ ആരിഫിന് വാട്സ് ആപ്പ് മുഖേന സന്ദേശം അയച്ച മൊബൈല്‍ ഫോണുകള്‍ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലക്കുപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്.

Tags:    

Similar News