വിധി വന്നത് പ്രഭാവതിയുടെ 13 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച ഉരുട്ടിക്കൊല കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്.

Update: 2018-07-24 10:36 GMT
Advertising

ഉദയകുമാറിന്‍റെ അമ്മ പ്രഭാവതി നടത്തിയ 13 വര്‍ഷത്തെ നിയമപോരാട്ടമാണ് പൊലീസുകാരുടെ ശിക്ഷയില്‍ എത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്. പ്രധാനസാക്ഷികള്‍ അടക്കം കൂറ് മാറിയിട്ടും കേസ് തെളിയിക്കാനായത് സിബിഐക്കും വലിയ നേട്ടമാണ്.

2005 സെപ്തംബര്‍ 27ന് ഉച്ചക്കാണ് ഉദയകുമാറിനേയും സുഹൃത്ത് സുരേഷിനെയും മോഷണക്കുറ്റം ആരോപിച്ച് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫോര്‍ട്ട് സിഐയുടെ സ്ക്വാഡില്‍ ഉണ്ടായിരുന്ന ജിതകുമാറും, ശ്രീകുമാറും ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്നാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. ഉച്ചക്ക് പിടിയിലായ ഉദയകുമാര്‍ രാത്രിയോടെയാണ് മരിച്ചത്. ഇരു തുടകളിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് ഉദയകുമാറിന്‍റെ മരണം ഉരുട്ടിക്കൊലയാണെന്ന ആരോപണം ഉയര്‍ന്നത്.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണം ഉണ്ടായതോടെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2006 മാര്‍ച്ച് മൂന്നിന് പൊലീസുകാരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ വിസ്താരവേളയില്‍ കേസിലെ പ്രധാന സാക്ഷി സുരേഷും സാക്ഷികളായ പൊലീസുകാരും ഉള്‍പ്പെടെ നിരവധി പേര്‍ കൂറുമാറിയോടെ കേസിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇതോടെയാണ് ഉദയകുമാറിന്‍റെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Full View

ഹൈക്കോടതി ഉത്തരവിനെ തുര്‍ന്ന് കേസ് അന്വേഷിച്ച സിബിഐ കൊലക്കുറ്റത്തിനും വ്യാജരേഖ ചമച്ചതിനും കൂടുതല്‍ പൊലീസുകാരെ ഉള്‍പ്പെടുത്തി വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് കുറ്റപത്രവും ഒന്നാക്കി വിചാരണ നടത്തമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി ഇതിനിടെ നിരാകരിച്ചു. പിന്നീട് സിബിഐ കുറ്റപത്രത്തിലുണ്ടായിരുന്ന ആറ് പൊലീസുകാരെ കോടതി മാപ്പ് സാക്ഷിയാക്കി. 2017 നവംബറില്‍ തുടങ്ങിയ വിചാരണ പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറഞ്ഞത്.

Tags:    

Similar News