“കഷ്ടപ്പെട്ട് ജോലി ചെയ്താ ജീവിക്കുന്നത്.. എനിക്ക് വൈറലാവേണ്ട, വെറുതെ വിടണം”: ഹനാന്‍
യൂണിഫോമിലുള്ള മീന്‍ വില്‍പന സിനിമാ പ്രമോഷന് വേണ്ടിയുള്ള അഭിനയമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ മറുപടിയുമായി ഹനാന്‍
മീന്‍വില്‍ക്കുന്നത് ജീവിക്കാന്‍ വേണ്ടിയാണെന്നും അഭിനയമല്ലെന്നും വിശദീകരിച്ച് ഹനാന്‍. യൂണിഫോമിലുള്ള മീന്‍ വില്‍പന സിനിമാ പ്രമോഷന് വേണ്ടിയുള്ള അഭിനയമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഹനാന്‍ ഫേസ് ബുക്ക് ലൈവില്‍ വന്നത്.
"ഇത്രയും കാലം ജീവിച്ചത് ആരുടെയും സഹായമുണ്ടായിട്ടല്ല, കഷ്ടപ്പെട്ട് ജോലി ചെയ്താ ജീവിച്ചത്. ആരുടെയും നേരെ കൈനീട്ടിയിട്ടില്ല. എന്നെ ആരും സഹായിക്കണ്ട. എനിക്ക് വൈറലാവേണ്ട. എന്നെ വെറുതെ വിടണം. എന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണം", എന്നാണ് ഹനാന്‍ വ്യക്തമാക്കിയത്.
ജീവിക്കാന്‍ താന്‍ ഏഴാം ക്ലാസ് മുതല്‍ ചെയ്ത ജോലികളും ഹനാന്‍ വിശദീകരിച്ചു. ട്യൂഷനെടുത്തും നാടകത്തില്‍ അഭിനയിച്ചും ഇവന്‍റ് മാനേജ്‍മെന്‍റുകള്‍ക്ക് പോയും ഡബ്ബിങ് നടത്തിയും പരിപാടികളുടെ അവതാരകയായും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചുമൊക്കെയാണ് പഠനത്തിനുള്ള ചെലവ് കണ്ടെത്തിയതെന്ന് ഹനാന്‍ പറഞ്ഞു.
തമ്മനത്ത് മീന്‍ കച്ചവടം തുടങ്ങിയിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. അതിന് മുന്‍പ് ബാബു എന്നയാളുടെ കൂടെ കച്ചവടത്തിന് പോയിട്ടുണ്ടെന്നും സംശയമുള്ളവര്‍ക്ക് നേരിട്ട് ചോദിക്കാമെന്നും പറഞ്ഞ് അയാളുടെ ഫോണ്‍ നമ്പറും ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.
കയ്യിലെ സ്വര്‍ണ മോതിരം ചൂണ്ടിക്കാട്ടി തന്നെ വിമര്‍ശിക്കുന്നവര്‍ക്കും ഹനാന്‍ മറുപടി നല്‍കി. ഇവന്‍റ് മാനേജ്മെന്‍റുകള്‍ക്ക് പോയി അധ്വാനിച്ച് സമ്പാദിച്ച പണം കൊണ്ടാണ് മോതിരം വാങ്ങിയതെന്ന് ഹനാന്‍ വിശദീകരിച്ചു.
പിതാവ് ഉപേക്ഷിച്ചുപോയ, മാനസിക രോഗിയായ മാതാവിനെ ജോലി ചെയ്ത് സംരക്ഷിക്കുന്ന മകളാണ് ഹനാനെന്ന് അല്‍ അസ്ഹര്‍ കോളജ് ഡയറക്ടര്‍ ലൈവില്‍ വ്യക്തമാക്കി. സഹപാഠികളും ഹനാന്‍റെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ലൈവിലെത്തി.
Posted by Paijas Moosa on Wednesday, July 25, 2018