ബിഷപ്പിനെതിരായ ലൈംഗികാരോപണം: സഭ വിട്ടവരുടെ മൊഴിയില്‍ തെളിവില്ലെന്ന് അന്വേഷണസംഘം
കേസില്‍ നിന്നും പിന്‍മാറാന്‍ 5 കോടി രൂപ ബിഷപ്പിനോട് അടുത്ത ചിലര്‍ വാഗ്ദാനം ചെയ്തുവെന്ന് കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി
ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണത്തില്‍ സഭ വിട്ട കന്യാസ്ത്രീകളുടെ മൊഴികള്‍ നിര്‍ണ്ണായകമാകുന്നു. സഭ വിട്ട 18 പേരില്‍ 7 പേര്‍ നല്കിയ മൊഴിയില്‍ പീഡനത്തെ സാധൂരിക്കുന്ന വിവരങ്ങള്‍ ഇല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം പണം നല്കി ബിഷപ്പ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ മൊഴി നല്കി.
ബിഷപ്പിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് 18 കന്യാസ്ത്രീമാരാണ് സഭ വിട്ടത്. കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ തെളിയിക്കുന്ന വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭിക്കുമോ എന്നറിയാനാണ് സഭവിട്ടവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. എന്നാല്‍ 7 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടും ലൈംഗികാരോപണം നേരിട്ട് തെളിയിക്കുന്ന മൊഴികളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ബിഷപ്പിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് സഭ വിട്ടതെന്ന് ഭൂരിഭാഗം പേരും പറയുന്നുണ്ടെങ്കിലും ലൈംഗീകാരോപണത്തെ കുറിച്ച് നേരിട്ട് അറിവില്ലെന്നാണ് ഇവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ബാക്കിയുള്ളവരുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിനായി ഇവര്‍ നോട്ടീസും നല്കിയിട്ടുണ്ട്. അതേസമയം കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കേസില്‍ നിന്നും പിന്‍മാറാന്‍ 5 കോടി രൂപ ബിഷപ്പിനോട് അടുത്ത ചിലര്‍ വാഗ്ദാനം ചെയ്തുവെന്ന് സഹോദരന്‍ മൊഴി നല്കിയിട്ടുണ്ട്.
കര്‍ദ്ദിനാളും ആലഞ്ചേരിയും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്ത് വന്ന സാഹചര്യത്തിലാണ് സഹോദരനില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്.