കുട്ടനാട്ടില്‍ വെള്ളം ഇറങ്ങിത്തുടങ്ങി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവം
ശക്തമായ മടവീഴ്ചയുണ്ടായ പാടശേഖരങ്ങളുടെ സമീപത്ത് ഇപ്പോഴും വെള്ളപ്പൊക്കം തുടരുകയാണ്.
മഴ പൂര്‍ണമായും വിട്ടുനിന്നതോടെ കുട്ടനാട് മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശക്തമായ മടവീഴ്ചയുണ്ടായ പാടശേഖരങ്ങളുടെ സമീപത്ത് ഇപ്പോഴും വെള്ളപ്പൊക്കം തുടരുകയാണ്.
മഴ വിട്ടു നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ജനങ്ങള്‍ക്കടുത്തേക്ക് എത്താന്‍ കഴിയുന്ന സ്ഥിതിയുണ്ട്. അതിനാല്‍ ഒറ്റപ്പെട്ടു പോയ ജനങ്ങള്‍ക്ക് അരിയും മറ്റ് അവശ്യ സാധനങ്ങളും കൂടുതല്‍ എത്തിച്ചു തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളില്‍ 100 ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. അതില്‍ നാല്പതെണ്ണം കഴിഞ്ഞ ദിവസം കുട്ടനാട്ടിലെത്തിച്ചു.
ഒരു ക്യാമ്പിന് ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ റവന്യൂ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് 40 ഡോക്ടര്‍മാരുടെ സംഘം മരുന്നുകളും ആവശ്യത്തിന് പാരാമെഡിക്കല്‍ ജീവനക്കാരുമായി ക്യാമ്പുകളില്‍ തങ്ങി വൈദ്യ സഹായം നല്‍കുന്നു. പക്ഷേ കൈനകരി, ചമ്പക്കുളം തുടങ്ങിയ മേഖലകളില്‍ പലയിടത്തും ഇപ്പോഴും ഒറ്റപ്പെട്ടു നില്‍ക്കുന്ന പ്രദേശങ്ങളുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കലക്ടറേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.