അഭിമന്യു കൊലക്കേസ് അന്വേഷണം നിർണായക ഘട്ടത്തിലേക്ക്
മുഖ്യ പ്രതി മുഹമ്മദ് റിഫയെയടക്കം ചോദ്യംചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ മുഴുവൻ വിവരങ്ങളും പുറത്തെത്തിക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്
അഭിമന്യു കൊലക്കേസ് അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. മുഖ്യ പ്രതി മുഹമ്മദ് റിഫയെയടക്കം ചോദ്യംചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ മുഴുവൻ വിവരങ്ങളും പുറത്തെത്തിക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി പ്രധാന പ്രതികളെ ഒരുമിച്ച് ചോദ്യംചെയ്യും.
കേസിൽ പിടിയിലായ മുഖ്യപ്രതി മുഹമ്മദ് റിഫയെ സെൻട്രൽ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസമാണ് ഇയാളെ ബംഗളൂരുവില്‍ നിന്നും പിടികൂടിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ച റിഫയെ രാത്രി വൈകിയും ചോദ്യംചെയ്തു. കാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ റിഫ ഗൂഢാലോചനയിൽ മുഖ്യപങ്കാളിയും കൊലപാതക സംഘത്തെ നിയന്ത്രിച്ച വ്യക്തിയുമാണ്. ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കേസിലെ മറ്റൊരു പ്രധാന പ്രതി കാമ്പസിലെ വിദ്യാർത്ഥിയായ മുഹമ്മദും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകം നടത്തിയവരെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
കൊലപാതക സംഘത്തിൽ ഉണ്ടായിരുന്ന പള്ളുരുത്തി സ്വദേശി സനീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എസ്.ഡി.പി.ഐയുടെ തൊഴിലാളി സംഘടനാ നേതാവായ ഇയാൾ കോർപറേഷനിലെ ശുചീകരണ തൊഴിലാളി കൂടിയാണ്. ഇന്നലെ കോടതിയിൽ കീഴടങ്ങിയ കേസിലെ 23ആം പ്രതിയായ ഫസലുദീൻ വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ പൊലീസ് സമർപ്പിച്ചു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മട്ടാഞ്ചേരി സ്വദേശിയായ ഫസലുദീനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിട്ടുണ്ട്.