സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; മഴക്കെടുതിയില്‍ 3 മരണം; നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
3 ഡാമുകള്‍ തുറന്നു;മലബാറില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി; ഗതാഗതം താളംതെറ്റി; 5 ദിവസം കൂടി മഴതുടരും
കേരളത്തിന്റെ വിവിധയിടങ്ങളില്‍ വീണ്ടും ശക്തമായ മഴ. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മരണം മൂന്നായി. സംസ്ഥാനത്ത് കനത്ത മഴ വെള്ളിയാഴ്ച്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരത്ത് മൂന്ന് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ മൂന്ന് അടി കൂടി ഉയര്‍ത്തി. അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ രണ്ടര മീറ്ററും പേപ്പാറ ഡാമിന്‍റെ ഷട്ടറുകള്‍ 40 സെന്‍റീമീറ്ററും ഉയര്‍ത്തി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ജോര്‍ജ് കുട്ടി ജോണ്‍ മരിച്ചു. വയനാട് പടിഞ്ഞാറത്തറയില്‍ മധ്യവയസ്‌ക്കന്‍ ഷോക്കേറ്റ് മരിച്ചു. മാടത്തുംപാറ കോളനിയിലെ ബാലനാണ് മരിച്ചത്.
കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. ട്രോളിംഗ് നിരോധനം അവസാനിക്കുന്ന ഇന്ന് കനത്ത മഴ പെയ്യുന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വീണ്ടും മഴ പെയ്യുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്നുണ്ട്. മഴ കനത്തതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി മുതല്‍ പെയ്യുന്ന മഴ കോട്ടയം നഗരത്തെയടക്കം വെള്ളത്തിനടിയിലാക്കി. താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.
മലമ്പുഴ ഡാം നാളെ രാവിലെ 11നും 12നും ഇടയില്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിന്റെ സമീപ പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് കൂടിയതിനാല്‍ പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ ഉച്ചക്ക് രണ്ട് മണിക്ക് തുറന്നു വിട്ടു.
ये à¤à¥€ पà¥�ें- ഇടുക്കി ഡാമിലെ ജലനിരപ്പ് 2399 അടിയിലേക്കെത്തിയാല്‍ റെഡ് അലേര്‍ട്ട്
ये à¤à¥€ पà¥�ें- പാലക്കാട് കനത്ത മഴ; മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ നാളെ തുറക്കും
തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കരുവന്നൂര്‍, മണലി പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ല കലക്ടര്‍ അറിയിച്ചു. നിലവില്‍ അഞ്ച് ഇഞ്ച് ഉയരത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. അണിക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു. അണക്കെട്ടിന്റെ ഗേറ്റിന് സമീപത്തെ കടകളില്‍ വെള്ളം കയറി. തൃശൂരില്‍ വീടിന് സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങി വയോധികന്‍ മുങ്ങിമരിച്ചു. കുറ്റുമുക്ക് ഏറന്നൂര്‍ മനയില്‍ നാരായണന്‍ നമ്പൂതിരിയാണ് മരിച്ചത്. തൃശൂരില്‍ തീരദേശ മേഖലകളില്‍ കനത്ത മഴയും കടല്‍ ക്ഷോഭവും ശക്തം. കൊടുങ്ങല്ലൂര്‍, ചാവക്കാട് ഗുരുവായൂര്‍ മേഖലകളിലാണ് കടല്‍ ക്ഷോഭം ശക്തമായിരിക്കുന്നത്.
വടക്കന്‍ കേരളത്തിലും കനത്ത മഴയുണ്ട്. മലപ്പുറം പാണക്കാട്ട് നിയന്ത്രണംവിട്ട കാറ് കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞു. കാര്‍ ഒലിച്ചു പോയി. കോഴിക്കോട് തലയാട് മണ്ണിടിഞ്ഞ് റോഡിലേക്ക് മണ്ണ് വീണതിനെ തുടര്‍ന്ന് കക്കയത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ബാംഗ്ലൂർ ദേശീയപാതയിൽ ഈങ്ങാപ്പുഴയിൽ പുഴ കര കവിഞ്ഞ് റോഡിലും നിരവധി കടകളിലും വെള്ളം കയറി. വലിയ വാഹനങ്ങൾ മാത്രം കടന്ന് പോവുന്നു.
കണ്ണൂര്‍ ജില്ലയിലെ 7 പഞ്ചായത്തുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കൊട്ടിയൂര്‍,കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറമ്പ് സ്കൂളുകള്‍ക്കാണ് ഇന്ന് അവധി.
ये à¤à¥€ पà¥�ें- തൃശൂരില്‍ തീരദേശ മേഖലയില്‍ കനത്ത മഴ; അതിരപ്പിള്ളി അടച്ചു
ആറളം വനത്തിൽ ഉരുൾപൊട്ടൽ. പാലപ്പുഴ പാലത്തിൽ വെള്ളം കയറി കാക്കയങ്ങാട് ആറളം ഫാം കീഴ്‍പ്പള്ളി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ആറളം ഫാം വളയംചാൽ തൂക്കുപാലം ഒഴുകിപ്പോയി. പുലർച്ചെയുണ്ടായ കനത്ത മഴയിൽ ചീങ്കണ്ണിപ്പുഴക്ക് കുറുകെയുള്ള തൂക്കുപ്പാലമാണ് ഒഴുകിപ്പോയത്.
വയനാട് ജില്ലയില്‍ ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ന് രാവിലെ മുതല്‍ തുടര്‍ച്ചയായ മഴയാണ് ലഭിക്കുന്നത്. ഇന്നലെ വൈകുന്നേരം ചെറിയ തോതില്‍ ആരംഭിച്ച ഇന്ന് രാവിലെയോടുകൂടി ശക്തമാവുകയായിരുന്നു. മഴ തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കോളനികളിലെ വീടുകളിലേക്ക് തിരിച്ചെത്തിയരുടെ ജീവിതം പ്രതിസന്ധിയിലാവും. മലയിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്ന് പാല്‍ച്ചുരം-വയനാട് ചുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
നാളെ വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ പോകരുത്. ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 45 കിലോമീറ്റര്‍ ഉയരത്തില്‍ കാറ്റ് വീശും.