കേരള പൊലീസിന്റെ പ്രഥമ വനിത ബറ്റാലിയന്‍ പ്രവര്‍ത്തന മേഖലയിലേക്ക്
578 പേരടങ്ങിയ വനിത ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് തൃശൂരില്‍ നടന്നു
ചരിത്രത്തിലിടം നേടിയ കേരള പൊലീസിന്റെ പ്രഥമ വനിത ബറ്റാലിയന്‍ ഇനി പ്രവര്‍ത്തന മേഖലയിലേക്ക്. 578 പേരടങ്ങിയ വനിത ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് തൃശൂരില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയായിരുന്നു.
ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാനുള്ള ശരീരവും മനസ്സും സാങ്കേതിക വിദ്യയും സ്വായത്തമാക്കിയാണ് വനിത ബറ്റാലിയന്റെ ആദ്യ ബാച്ച് പുറത്തിറങ്ങുന്നത്. കേരള പൊലീസ് അക്കാദമിയിലെ പരീശീലനം പൂര്‍ത്തിയാക്കിയവരില്‍ ഏറെയും ഉന്നത ബിരുദധാരികള്‍. ട്രാന്‍സ് ജെന്ററുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍,ദുരന്ത നിവാരണം -ഇവ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനം വനിത ബറ്റാലിയന് ലഭിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് സാമൂഹ്യപരമായ ഉയര്‍ച്ച നല്‍കിയുള്ള സ്ത്രീ ശാക്തീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യം. മതനിരപേക്ഷ സമൂഹം നിലനില്‍ക്കുന്നതിനായിരിക്കണം പൊലീസ് എപ്പോഴും ശ്രമിക്കേണ്ടതെന്ന് പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു. പരിശീലന കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ മുഖ്യമന്ത്രി കൈമാറി. വനിത ബറ്റാലിയന്‍ അംഗങ്ങളുടെ വിവിധ പ്രകടനങ്ങളും പാസിംഗ് ഔട്ട് പരേഡിന് ശേഷം നടന്നു.