കഞ്ചിക്കോടിന് വേണ്ടി പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ കേരള എംപിമാര്‍ രണ്ടുതട്ടില്‍
സഭ ആരംഭിക്കുന്നതിന് മുമ്പ് നിശ്ചയിച്ച ധര്‍ണക്ക് ഇടത് എംപിമാര്‍ മാത്രമാണ് എത്തിയത്. സമരം സംബന്ധിച്ച് അറിയിച്ചിട്ടില്ലെന്നായിരുന്നു യുഡിഎഫ് എംപിമാരുടെ പ്രതികരണം.
കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ പാർലമെൻറിന് മുന്നില്‍ നടത്തിയ എംപിമാരുടെ ധര്‍ണയെ ചൊല്ലി അഭിപ്രായഭിന്നത. ധർണ നടത്തുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് എംപിമാര്‍ ആശയവിനിമയം നടത്തിയിരുന്നില്ലെന്നും വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫ് വിട്ടു നിന്നു. യുഡിഎഫ് കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചെന്ന്എം ബി രാജേഷ് എംപി ആരോപിച്ചു.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രം കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍ലമെന്റിന് മുന്നിലെ എംപിമാരുടെ ധര്‍ണ. സഭ ആരംഭിക്കുന്നതിന് മുമ്പ് നിശ്ചയിച്ച ധര്‍ണക്ക് ഇടത് എംപിമാര്‍ മാത്രമാണ് എത്തിയത്. സമരം സംബന്ധിച്ച് അറിയിച്ചിട്ടില്ലെന്നായിരുന്നു യുഡിഎഫ് എംപിമാരുടെ പ്രതികരണം. പാലക്കാട് ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യചങ്ങലയുടെ ഭാഗമായാണ് ധര്‍ണയെന്നും വിഷയത്തെ രാഷ്ട്രീയമായാണ് എല്‍ഡിഎഫ് കാണുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. യുഡിഎഫ് എംപിമാരുടെ കൂടി സമ്മതപ്രകാരമാണ് ധർണ നിശ്ചയിച്ചതെന്നും വഞ്ചനാപരമായ സമീപനമാണിതെന്നും എം ബി രാജേഷ് എംപി പ്രതികരിച്ചു.
വിഷയത്തില്‍ നേരത്തെ പ്രതിഷേധം ശക്തമായപ്പോഴും ഇടത് - വലത് എംപിമാര്‍ സമാനകാരണം ഉന്നയിച്ച് റെയില്‍ഭവന് മുന്നില്‍ വെവ്വേറെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.