മഴ ചതിച്ചു; പക്ഷേ, പ്രതീക്ഷയുടെ ഞാറുകൾ വീണ്ടും നട്ടുകൊണ്ടിരിക്കുന്നു ഇവര്‍
ഇടവപ്പാതിയിൽ നട്ട ഞാറുകൾ ഓണമടുക്കുന്നതോടെ കതിരിടേണ്ടതാണ്. എന്നാൽ മഴ ചതിച്ചു. ഈ മാസം ഇത് മൂന്നാം തവണയാണ് ഇവർ ഞാറുകൾ മാറ്റി നടുന്നത്.
കനത്ത മഴ സംസ്ഥാനത്ത് ഇത്തവണ കാർഷിക മേഖലയിൽ വൻ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ നെല്ലുൽപ്പാദിപ്പാക്കുന്ന പാലക്കാട് ജില്ലയിൽ കോടികളുടെ നഷ്ടമുണ്ടായി. ഒന്നാം വിളയിറക്കിയ പാടങ്ങളിൽ മിക്കവയും വെള്ളത്തിനടിയിലാണ്.
ഇടവപ്പാതിയിൽ നട്ട ഞാറുകൾ ഓണമടുക്കുന്നതോടെ കതിരിടേണ്ടതാണ്. എന്നാൽ മഴ ചതിച്ചു. സരസ്വതിയുടെയും ബദറുന്നീസയുടെയും ഓർമ്മയിൽ ഇത്രയും കനത്തൊരു മഴപ്പെയ്ത്തില്ല. ഈ മാസം ഇത് മൂന്നാം തവണയാണ് ഇവർ ഞാറുകൾ മാറ്റി നടുന്നത്. ഞാറുകൾ അരയ്ക്കൊപ്പം വളർന്ന് നിൽക്കേണ്ട സമയമായിട്ടും പ്രതീക്ഷയുടെ ഞാറുകൾ വീണ്ടും നട്ടു കൊണ്ടിരിക്കുകയാണ് ഇവർ.
48 വർഷമായി കാർഷിക രംഗത്തുള്ള മുതലാംതോടു മണിയുടെ ഓർമയിൽ ഇങ്ങനൊരു മഴ അടുത്തെങ്ങും പെയ്തിട്ടില്ല. ഇത്തവണ ഒന്നാം വിളയിറക്കിയ ഏഴ് ഏക്കർ പാടത്ത് മൂന്നേക്കറും വെള്ളത്തിനടിയിലായി
കാലവർഷക്കെടുതിയിൽ ഇത്തവണ 2027 ഹെക്ടർ കൃഷി നാശമാണ് ജില്ലയിലുണ്ടായത്. ഒന്നാം വിളയിറക്കിയ 350 ഓളം പാടങ്ങൾ വെള്ളത്തിനടിയിലായി. 20 കോടിയുടെ നാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഒരേക്കറിന് 30,000 രൂപയാണ് കർഷകർക്ക് നഷ്ടം. രണ്ടാം വിളയിറക്കാനുള്ള വിത്തുകളും ഇല്ലാതായതോടെ സർക്കാർ നഷ്ടപരിഹാരത്തിലാണ് കർഷകരുടെ പ്രതീക്ഷ.