ലൈംഗികബന്ധം നടന്നത് സമ്മതത്തോടെ, ഫാദറിനൊപ്പം ജീവിക്കണം: കൊട്ടിയൂര്‍ പീഡനക്കേസില്‍ പരാതിക്കാരി മൊഴിമാറ്റി
സ്വന്തം താൽപര്യപ്രകാരമാണ‌് വൈദികനുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടത്, സർട്ടിഫിക്കറ്റിലുള്ളതല്ല തന്റെ യഥാർഥപ്രായമെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. വൈദികനുമൊത്തുള്ള ജീവിതമാണ‌് ആഗ്രഹിക്കുന്നത‌്.
കൊട്ടിയൂര്‍ പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി മൊഴിമാറ്റി. ഒന്നാം പ്രതിയായ ഫാദര്‍ റോബിന് വടക്കുഞ്ചേരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പട്ടത് സമ്മതത്തോടെയാണെന്ന് കോടതിയില്‍ പെണ്‍കുട്ടി പറഞ്ഞു. റോബിനുമായി കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലെ അടച്ചിട്ടമുറിയിലായിരുന്നു കേസിന്റെ വിചാരണ നടക്കുന്നത്.
സ്വന്തം താൽപര്യപ്രകാരമാണ‌് വൈദികനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും സർട്ടിഫിക്കറ്റിലുള്ളതല്ല തന്റെ യഥാർഥപ്രായമെന്നും പെൺകുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചു. വൈദികനുമൊത്തുള്ള ജീവിതമാണ‌് ആഗ്രഹിക്കുന്നത‌്. മജിസ‌്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയിട്ടുണ്ടെങ്കിലും അത‌് ഭീഷണിയെ തുടർന്നായിരുന്നുവെന്നും ബോധിപ്പിച്ചു. ഇതോടെ ഒന്നാംസാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. സർട്ടിഫിക്കറ്റിലുള്ളതല്ല പ്രായമെങ്കിൽ വയസ‌് തെളിയിക്കാനുള്ള ശാസ‌്ത്രീയ പരിശോധനക്ക‌് സന്നദ്ധമാണോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന‌് സമ്മതമല്ലെന്നായിരുന്നു മറുപടി.
വ്യാഴാഴ‌്ച പെൺകുട്ടിയുടെ അച്ഛൻ,അമ്മ എന്നിവ വിസ്തരിക്കും. കേസിൽ 54 സാക്ഷികളാണുള്ളത‌്. ബുധനാഴ‌്ച വിചാരണ ആരംഭിച്ചപ്പോൾ പ്രതികളായ ക്രിസ‌്തുരാജ ആശുപത്രിയിലെ ഡോ സിസ‌്റ്റർ ടെസി ജോസ‌്, ആശുപത്രി അഡ‌്മിനിസ‌്ട്രേട്ടർ സിസ‌്റ്റർ ആൻസി, പീഡിയാട്രീഷ്യൻ ഡോ ഹൈദരലി എന്നിവരെ സുപ്രിംകോടതി കുറ്റവിമുക്തരാക്കിയ കാര്യം പ്രതിഭാഗം കോടതി മുമ്പാകെ അറിയിച്ചു. സുപ്രിം കോടതി ഉത്തരവ‌് വിചാരണ കോടതിയിലെത്തുവരെ ഇവർ പ്രതികളായി വിചാരണ നേരിടേണ്ടിവരും.
പെൺകുട്ടിയെ പീഡിപ്പിച്ച ഫാദർ റോബിൻ വടക്കുഞ്ചേരിയാണ് കേസിലെ ഒന്നാംപ്രതി. തങ്കമ്മ നെല്ലിയാനി, സിസ്റ്റർ ലിസ്മരിയ, സിസ്റ്റർ അനീറ്റ, വയനാട് ജില്ലാ ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, സമിതിയംഗമായിരുന്ന ഡോ.സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഫോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ടായിരുന്ന സിസ്റ്റർ ഒഫീലിയ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. പത്ത‌് പ്രതികളും കോടതിമുമ്പാകെ ഹാജരായിരുന്നു.
കമ്പ്യൂട്ടർ പരിശീലനത്തിനെത്തിയ വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്. പെൺകുട്ടി പ്രസവിച്ചതോടെയാണ‌് സംഭവം പുറത്തറിഞ്ഞത്. കാനഡയിലേക്ക് പോകാൻ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് ഒന്നാം പ്രതി ഫാ.റോബിൻ വടക്കുഞ്ചേരി പൊലീസ് പിടിയിലായത്.