കുട്ടനാട്ടിലെ മടവീഴ്ച പരിഹരിച്ചില്ല: വെള്ളപ്പൊക്കം തുടരുന്നു
പണി ചെയ്യിച്ചാല്‍ അതിന്റെ പണം സര്‍ക്കാരില്‍ നിന്ന് കിട്ടുമോ എന്ന കാര്യത്തിലും പാടശേഖരസമിതികള്‍ക്ക് സംശയമുണ്ട്. ഈ പ്രശ്നമുള്ള മേഖലകളിലാണ് വെള്ളപ്പൊക്കം തുടരുന്നത്.
കുട്ടനാട്ടില്‍ പാടങ്ങളില്‍ മട വീണത് പരിഹരിക്കാന്‍ നടപടിയില്ലാത്തിനാല്‍ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. മഴ പൂര്‍ണമായി നിന്നിട്ടും കൈനകരി, ചന്പക്കുളം മേഖലകളില്‍ വെള്ളം ഇറങ്ങിയില്ല. പാടശേഖര സമിതികളും അധികാരികളും പരസ്പരം പഴിചാരുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
മട വീണ് പാടങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഭൂരിഭാഗം മേഖലകളിലും വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിയിടങ്ങളും എല്ലാം വെള്ളത്തിനടിയിലായത്. മഴ നിന്നിട്ടും മടകുത്താന്‍ നടപടിയില്ലാത്തതിനാല്‍ ചന്പക്കുളത്തും കൈനകരിയിലും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. എ സി റോഡില്‍ ഇനിയും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. മടകുത്താന്‍ തയ്യാറാവാത്ത പാടശേഖര സമിതികള്‍ പിരിച്ചു വിടാന്‍ ജില്ലാ കലക്ടര്‍ക്കധികാരമുണ്ടെന്നും അത് ചെയ്യാനാവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൃഷി പൂര്‍ണമായി നഷ്ടപ്പെട്ടതിനാല്‍ മട കുത്താന്‍ പല പാടശേഖര സമിതികള്‍ക്കും താല്പര്യമില്ല. പണി ചെയ്യിച്ചാല്‍ അതിന്റെ പണം സര്‍ക്കാരില്‍ നിന്ന് കിട്ടുമോ എന്ന കാര്യത്തിലും സമിതികള്‍ക്ക് സംശയമുണ്ട്. ഈ പ്രശ്നമുള്ള മേഖലകളിലാണ് വെള്ളപ്പൊക്കം തുടരുന്നത്.
അതിനിടെ കുട്ടനാട് പാക്കേജിന്റെ പണം ചെലവഴിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി ധവള പത്രം പുറപ്പെടുവിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.