പാലക്കാട് ദുരിതപ്പെയ്ത്ത്; വീടുകളിൽ കുടുങ്ങിയ 270 പേരെ രക്ഷപ്പെടുത്തി
പാലക്കാട് ജില്ലയിൽ ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. വടക്കൻ കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലൊന്നായ പാലക്കാട് താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴക്കെടുതികൾ വിലയിരുത്താൻ മന്ത്രി എ കെ ബാലന്റ നേതൃത്വത്തിൽ ഇന്ന് കലക്ടറേറ്റിൽ അവലോകന യോഗം ചേരും.
തിമിർത്തു പെയ്യുന്ന മഴ ചെറുതായൊന്നുമല്ല ജില്ലയിൽ ആശങ്ക സൃഷ്ടിക്കുന്നത്. നഗരത്തിലുൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇപ്പോഴും ഇറങ്ങിയിട്ടില്ല. ജില്ലയിൽ ഇതുവരെ 2025 പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാലക്കാട് താലൂക്കിൽ 20ഉം മണ്ണാർക്കാട് താലൂക്കിൽ ഒരു ക്യാംപുമാണ് പ്രവർത്തിക്കുന്നത്.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീടുകളിൽ കുടുങ്ങിയ 270 പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. 60 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് പേർ ജില്ലയിൽ വിവിധ പുഴകളിൽ ഒഴുക്കിൽ പെട്ട് മരിച്ചു. ഗായത്രി പുഴയിൽ കാണാതായ ആലത്തൂരിലെ രാജനു വേണ്ടി തിരച്ചിൽ തുടരുകയാണ്.
മലമ്പുഴ ഡാമിന്റെ ഷട്ടർ 150 സെന്റീമീറ്റർ തുറന്നു കിടക്കുകയാണ്. പോത്തുണ്ടി ഡാമിന്റെയും മംഗലം ഡാമിന്റെയും ഷട്ടറുകളും തുറന്നു കഴിഞ്ഞു. ജലനിരപ്പ് സംഭരണ ശേഷിയോടടുത്തതിനാൽ ശിരുവാണി അണക്കെട്ട് ഏത് നിമിഷവും നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ ശിരുവാണി, ഭവാനിപ്പുഴകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ പാലക്കാട് നഗരത്തിൽ ഒരാഴ്ച കുടിവെള്ളം മുടങ്ങും. ഈ മേഖലകളിലേക്ക് ടാങ്കർ ലോറിയിലൂടെ വെള്ളം എത്തിക്കാനാണ് തീരുമാനം