വയനാട് മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
വൈത്തിരി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായ മൈസൂര്‍ - കോഴിക്കോട് പാതയില്‍ ഇന്നലെ വൈകീട്ടോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴക്ക് ശമനം. അതേസമയം രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
വയനാട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. വൈത്തിരിയിലും മക്കിമലയിലും ഉരുള്‍പൊട്ടലില്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. വൈത്തിരി ലക്ഷം വീട് കോളനിയിലെ ലില്ലി, മക്കിമലയില്‍ മംഗലശ്ശേരി റസാക്ക്, ഇദ്ദേഹത്തിന്റെ ഭാര്യ സീനത്ത് എന്നിവരാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ഇവര്‍ മൂന്ന് പേരും മരിച്ചത്.
വൈത്തിരി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായ മൈസൂര്‍ - കോഴിക്കോട് പാതയില്‍ ഇന്നലെ വൈകീട്ടോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. എന്നാല്‍ വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും ഗതാഗത തടസ്സം നിലനില്‍ക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ മഴയക്ക് ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബാണാസുര ഡാമിന്റെ ഷട്ടര്‍ തുറന്നതിനെ തുടര്‍ന്ന് പനമരം മേഖലിയില്‍ പലയിടത്തും വെള്ളം കയറി.
കൃഷിയിടങ്ങളില്‍ എല്ലാം തന്നെ വെള്ളം കയറിയ അവസ്ഥയാണ്. കാര്‍ഷിക മേഖലയില്‍ വന്‍നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. നിലവില്‍ 76 ദുരിതാശ്വാസ ക്യാമ്പുകളിലായി 4148 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.