പാലക്കാട് മഴക്കെടുതിയില്‍ വീടുനഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം 21 ന് മുമ്പ്
മഴക്കെടുതികൾ വിലയിരുത്താൻ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തിൽ യോഗം ചേര്‍ന്നു.
പാലക്കാട് ജില്ലയിൽ മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകാൻ തീരുമാനം. പൂർണമായും വീട് നഷ്ടപ്പെട്ടവർക്കുള്ള ആദ്യഗഡു ഈ മാസം 21 നു മുമ്പ് വിതരണം ചെയ്യും.. മഴക്കെടുതികൾ വിലയിരുത്താൻ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തിൽ യോഗം ചേര്‍ന്നു.
പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് ആദ്യ ഗഡുവായി 95100 രൂപ നൽകാനാണ് തീരുമാനം. പൂർണമായും തകർന്ന വീടുകൾ, ഭാഗികമായി തകർന്ന വീടുകൾ, വാസയോഗ്യമല്ലാത്ത വീടുകൾ എന്നിവയുടെ പരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പട്ടയം, ബാങ്ക് രേഖകൾ, ആധാർ ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് കോപ്പികൾ സൗജന്യമായി നൽകും. ഇതിനായി ഈ മാസം 13 നും 14 നും വില്ലേജ് അടിസ്ഥാനത്തിൽ ക്യാമ്പ് സംഘടിപ്പിക്കാൻ തഹസിൽദാർമാർക്ക് ചുമതല നൽകി.
നിലവിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 1065 പേരാണ് കഴിയുന്നത്. അവലോകന യോഗത്തിന് ശേഷം ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രിയും ഉദ്യോഗസ്ഥ സംഘവും സന്ദർശിച്ചു. അതിനിടെ ജില്ലയിൽ രണ്ട് ദിവസമായി പെയ്യുന്ന മഴയ്ക്ക് കുറവ് വന്നു. മലമ്പുഴ ഡാമിലേക്ക് നീരൊഴുക്ക് ശക്തമായതിനാൽ ഡാമിന്റെ ഷട്ടറുകൾ മൂന്ന് സെന്റീമീറ്ററിൽ നിന്ന് ആറ് സെന്റീമീറ്ററാക്കി ഉയർത്തി.