ഇടമലയാര്‍ ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു LIVE BLOG

അടിയന്തര സഹായമായി കേരളത്തിന് 100കോടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി. 1220 കോടിയുടെ ധനസഹായമാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. കാലവര്‍ഷക്കെടുതിയില്‍ 8316കോടിയുടെ നഷ്ടമുണ്ടായി.

Update: 2018-08-12 15:41 GMT
Advertising
ഇടമലയാര്‍ ഡാമിന്റെ നാലാമത്തെ ഷട്ടര്‍ തുറന്നു

ഇടമലയാര്‍ ഡാമിന്റെ നാലാമത്തെ ഷട്ടര്‍ തുറന്നു. തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്നത് 300ഘനമീറ്റര്‍ വെള്ളം.

'അടിയന്തര സഹായമായി കേരളത്തിന് 100കോടി'

അടിയന്തര സഹായമായി കേരളത്തിന് 100കോടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി. 1220 കോടിയുടെ ധനസഹായമാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. കാലവര്‍ഷക്കെടുതിയില്‍ 8316കോടിയുടെ നഷ്ടമുണ്ടായി. ദുരിതാശ്വാസത്തിന് കൂടുതല്‍ സേനയെ വേണമെങ്കില്‍ നല്‍കുമെന്നും രാജ്നാഥ് സിംങ് അറിയിച്ചു.

''കേരളത്തിലേത് അഭൂതപൂര്‍വമായ സാഹചര്യം. റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ന്നു. എല്ലാ സഹായവും കേന്ദ്രത്തില്‍ നിന്നുണ്ടാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും.'' രാജ്നാഥ് സിംങ് പറഞ്ഞു.

Full View
ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങി

ജലനിരപ്പ് കുറഞ്ഞതോടെ പെരിയാറിന്റെ തീരത്തുള്ളവരുടെ ആശങ്ക ഒഴിയുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീട്ടിലേക്ക് പോയിത്തുടങ്ങി. ജലനിരപ്പ് കുറയുന്നതിനാല്‍ വരും ദിവസങ്ങളില്‍ ജനജീവിതം സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടമലയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു

ഇടമലയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. തുറന്ന ഷട്ടറുകളിലൂടെ 300 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു. ജനവാസ മേഖലകളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.

കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് രാജ്നാഥ് സിംഗ്

കേരളത്തിലെ ദുരന്തബാധിത മേഖലകളിലെ സ്ഥിതി ഗുരുതരമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും എല്ലാ സഹായവും കേന്ദ്രത്തില്‍ നിന്നുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കി. പറവൂര്‍ താലൂക്കിലെ എളന്തിക്കര ദുരിതാശ്വാസ ക്യാംപ് ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു. ദുരിതബാധിതർ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

രാജ്നാഥ് സിങ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

ഹെലികോപ്ടര്‍ മാര്‍ഗം ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മഴക്കെടുതി വിലയിരുത്തിയശേഷം പറവൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാജ്നാഥ് സിങ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണന്തനാം തുടങ്ങിയവരും രാജ്നാഥ് സിങിനൊപ്പമുണ്ട്.

വയനാട് ജില്ലയില്‍ വീണ്ടും കനത്ത മഴ

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വയനാട് ജില്ലയില്‍ വീണ്ടും കനത്ത മഴ. ഇന്ന് രാവിലെ തുടങ്ങിയ മഴ ജില്ലയുടെ ഒട്ടുമിക്ക മേഖലകളിലുമുണ്ട്. പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബത്തേരിയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു.

രാജ്നാഥ് സിങ് കേരളത്തിലെത്തി

കേരളത്തിലെ മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കേരളത്തിലെത്തി. കൊച്ചിയിലെത്തിയ ആഭ്യന്തരമന്ത്രി ആദ്യം ഇടുക്കിജില്ലയാണ് സന്ദര്‍ശിക്കുക.

സന്ദര്‍ശന ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പുതിയ സാഹചര്യത്തില്‍ കേരളം കൂടുതല്‍ ധനസഹായം ആവശ്യപ്പെടും. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ചര്‍ച്ചക്ക് വന്നേക്കും.

മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 36 ആയി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 36 ആയി. അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.

പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു

പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ തീരവാസികളുടെ ആശങ്കയൊഴിഞ്ഞു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എഴുപതോളം ദുരിതാശ്വാസ ക്യാമ്പുകളിലായി 10,000 ത്തോളം പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.

Full View
വയനാട് സൈന്യത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുന്നു

വയനാട് ജില്ലയില്‍ മഴ തുടരുന്നു. പല മേഖലകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. സൈന്യത്തിന്റെയും ഫയര്‍ ഫോഴ്സിന്റെയും നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. ജില്ലയില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ചൊവ്വാഴ്ച വരെ തുടരും

Full View
ആശങ്കയൊഴിയുന്നു

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയില്‍ ജലനിരപ്പ് 2399.08 അടിയായി. ഇടമലയാറില്‍ 168.90 അടിയായി. 200 ക്യുബിക് ലിറ്റര്‍ ജലമാണ് ഇടമലയാര്‍ ഡാമില്‍ നിന്ന് പുറത്തുവിടുന്നത്. കൊച്ചിയില്‍ വെള്ളമിറങ്ങിത്തുടങ്ങി.

കോഴിക്കോട് ആയിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്നു. 15 ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിലധികം പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ടില്‍ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Full View
ഇടുക്കിയില്‍ ശക്തമായ മഴ

ഇടുക്കിയുടെ സമീപപ്രദേശത്ത് ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ മഴ കുറഞ്ഞതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞിരുന്നു. ഇപ്പോള്‍ 2399.28 അടിയാണ് ജലനിരപ്പ്. ചൊവ്വാഴ്ച വരെ ഇടുക്കിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

വയനാട്ടില്‍ ‌‌1500റോളം വീടുകള്‍ തകര്‍ന്നു; 15000ത്തിനടുത്ത് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍
Full View
കണ്ണൂരില്‍ മഴ കുറഞ്ഞിട്ടും മഴക്കെടുതി തുടരുന്നു

കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴക്ക് ശമനമുണ്ടെങ്കിലും മഴക്കെടുതിയുടെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല.198 കുടുംബങ്ങളിലെ 633 പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്. ജില്ലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 205 വീടുകള്‍ക്ക് നാശമുണ്ടായതായാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 21 വീടുകള്‍ പൂര്‍ണമായും നശിച്ചു.

Full View
അപ്പര്‍ കുട്ടനാട് വെള്ളപ്പൊക്ക ഭീതിയില്‍

പമ്പ നദിയിലെ നീരൊഴുക്കിന്റെ തീവ്രത കുറഞ്ഞെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുന്നു. മേഖലയിലെ മൂന്ന് താലൂക്കുകളിലായി 23 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യമാണുള്ളതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍.

രാജ്നാഥ് സിങ് ഇന്ന് കേരളത്തിലെത്തും

സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തില്‍. സന്ദര്‍ശന ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പുതിയ സാഹചര്യത്തില്‍ കേരളം കൂടുതല്‍ ധനസഹായം ആവശ്യപ്പെടും. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ചര്‍ച്ചക്ക് വന്നേക്കും.

എട്ട് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ചില സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളിൽ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാവുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇടമലയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍

ഇടമലയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തി. 168.93 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. നിലവില്‍ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇതോടെ പെരിയാറില്‍ വീണ്ടും ചെറിയ രീതിയില്‍ ജലനിരപ്പുയര്‍ന്നു. ജില്ലയില്‍ 68 ദുരിതാശ്വാസ ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേരാണ് നിലവില്‍ താമസിക്കുന്നത്.

Full View
ഇടുക്കിയില്‍ ജലനിരപ്പ് 2399.52 അടിയായി കുറഞ്ഞു

ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് കുറഞ്ഞു. 2399.52 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. എന്നാല്‍ വരുംമണിക്കൂറില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഈ മാസം 14 വരെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജലനിരപ്പ് 2400 അടിയില്‍ താഴ്ന്നതോടെ ഷട്ടറുകള്‍ അടക്കുന്നത് സംബന്ധിച്ച് കെഎസ്ഇബി തീരുമാനമെടുത്തേക്കും.

Tags:    

Similar News