തോക്ക് ചൂണ്ടിയ സംഭവം; പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് മുണ്ടക്കയം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്  

Update: 2018-08-12 08:24 GMT
Advertising

തോട്ടം തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് മുണ്ടക്കയം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍,അസഭ്യം പറച്ചില്‍ തുടങ്ങിയ വകുപ്പുകളാണ് പി.സിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. എം.എല്‍.എയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന പി.സി ജോര്‍ജ്ജിന്റെ പരാതിയിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 29നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹാരിസണിന്റെ മുണ്ടക്കയം എസ്റ്റേറ്റിന് സമീപത്ത് താമസിക്കുന്നവരുടെ വഴി തോട്ടം തൊഴിലാളികള്‍ അടച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയപ്പോഴാണ് ക്ഷുഭിതനായി പിസി ജോര്‍ജ്ജ്തോ ക്കെടുത്ത് തോട്ടം തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയത്. തോട്ടം തൊഴിലാളികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അപ്പോള്‍ തന്നെ മുണ്ടക്കയം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Full View

എന്നാല്‍ ഒരു വര്‍ഷത്തോളം അന്വേഷണം നീണ്ടു പോയി. തോക്കിന് ലൈസന്‍സ് ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ പി.സിക്കെതിരെ ചുമത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതേ സമയം ജനപ്രതിനിധിയെ കയ്യേറ്റം ചെയ്യന്‍ ശ്രമിച്ചുവെന്ന പി.സി ജോര്‍ജ്ജിന്റെ പരാതിയില്‍ തോട്ടം തൊഴിലാളികള്‍ക്കെതിരെയും മുണ്ടക്കയം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    

Similar News