വയനാടിനെ തകിടം മറിച്ച് മഴക്കെടുതി, വീടും സ്ഥലവും കൃഷിയും റോഡും നാമാവശേഷമായി
ഇനിയെന്ത് എന്നറിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരു ജില്ല.
വയനാട് ജില്ലയെ തകിടം മറിച്ചു കഴിഞ്ഞു മഴക്കെടുതി. എല്ലാ മേഖലകളും തകര്‍ന്ന് കിടക്കുകയാണ്. വീടും സ്ഥലവും കൃഷിയും റോഡും നാമാവശേഷമായി. ഇനിയെന്ത് എന്നറിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരു ജില്ല.
പലര്‍ക്കും കിടന്നുറങ്ങിയ വീട് ഓര്മ്മയില്‍ മാത്രമാണുള്ളത്. കല്‍പ്പറ്റക്ക് അടുത്തുള്ള കോട്ടത്തറ അങ്ങാടി എല്ലാ അര്‍ത്ഥത്തിലും മാറി. അങ്ങാടിയിലുണ്ടായിരുന്ന കടകളും, അതിനോട് ചേര്‍ന്നുണ്ടായിരുന്ന വീടും ഒലിച്ച് പോയി. ഉള്‍പ്രദേശത്തേക്ക് കയറിയാല്‍ ഒരിടത്തും വൈദ്യുതിയില്ല. റോഡുകളും പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. കയറിയ വെള്ളം പല സ്ഥലത്ത് നിന്നും തിരികെയിറങ്ങിയിട്ടില്ല.
വെള്ളം കയറി കിണറുകള്‍ നിറഞ്ഞതിനാല്‍ കുടിവെള്ളം പലര്‍ക്കും കിട്ടുന്നില്ലെന്ന അവസ്ഥയുമുണ്ട്. എത്ര ഹെക്ടര്‍ ക്യഷി നശിച്ചുവെന്ന് ആരുടെ കയ്യിലും കണക്കില്ല. അത്രക്ക് വലുതാണ് ക്യഷിനാശം. ഞാറും,കപ്പയും, ചേനയും, ചേമ്പും, വാഴയുമാണ് നശിച്ചതില്‍ കൂടുതല്‍. മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് രക്ഷാപ്രവര്‍ത്തകരും.