ആലുവയിലെ ചാലക്കൽ മേഖലയിൽ കുടിവെള്ളത്തിൽ ടാറിന്റെ സാന്നിധ്യം
വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്
എറണാകുളം ആലുവയിലെ ചാലക്കൽ മേഖലയിൽ കുടിവെള്ളത്തിൽ ടാറിന്റെ സാന്നിധ്യം കണ്ടെത്തി. വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളത്തിന് മണ്ണെണ്ണയുടെ രൂക്ഷഗന്ധമുള്ളതായും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇവിടെ വാട്ടർ അതോറിറ്റിയുടെ ജലം ലഭിക്കുന്നത് ഇങ്ങനെയാണ്. ടാറിന് പുറമെ മണ്ണെണ്ണയുടെയും മാറ്റ് രാസവസ്തുക്കളുടെയും സാന്നിധ്യം. വെള്ളത്തിന് രൂക്ഷഗന്ധമുണ്ട്.
വെള്ളമുപയോഗിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് കുടിവെള്ളത്തിൽ മാലിന്യം കണ്ടെത്തുന്നത്. പ്രദേശത്ത് വാട്ടർ അതോറിറ്റിയെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി വീട്ടുകളുണ്ട്. ഒരാഴ്ചയായി ഇവർക്ക് ലഭിക്കുന്നതാകട്ടെ മലിനജലം മാത്രം. പ്രദേശത്ത് അടുത്തിടെ റീടാറിങ്ങ് നടത്തിയിരുന്നു. ഇവിടെ പൈപ്പ് പൊട്ടിയതാകാനാണ് സാധ്യതയെന്നാണ് വാട്ടർ അതോറിറ്റിയുടെ നിഗമനം. റോഡ് പൊളിച്ച് പരിശോധന നടത്താൻ പൊതുമാരാമത്ത് വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.