അന്വേഷണ ഉദ്യോഗസ്ഥർ ബിഷപ്പ് ഹൗസിൽ എത്തിയപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ
ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണ ഉദ്യോഗസ്ഥർ ബിഷപ്പ് ഹൗസിൽ എത്തിയപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ. ബിഷപ്പിനെ ചോദ്യം ചെയ്യുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ അറിയിച്ചിട്ടും മണിക്കൂറുകൾക്ക് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ എത്തിച്ചേർന്നത് . ഇതിനിടെ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച മീഡിയ വൺ ക്യാമറമാൻ സനോജ് കുമാർ അടക്കമുള്ളവരെ ബിഷപ്പ് ഹൗസിലെ ജീവനക്കാർ മർദ്ദിച്ചു. ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത് വൈകീട്ട് മൂന്നേകാലോടെ.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുകയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. എന്നാല്‍ ബിഷപ്പ് ഹൗസില്‍ അദ്ദേഹമില്ലെന്ന അഭ്യൂഹം ശക്തമായതോടെ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ ആശയക്കുഴപ്പത്തിലായി. ഇതിനിടെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ബിഷപ്പിന്റെ അഭിഭാഷകര്‍ അറിയിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ചോദ്യം ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനിടെ മണിക്കൂറുകള്‍ക്ക് ശേഷം എട്ടുമണിയോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ എത്തിച്ചേര്‍ന്നത്.
എന്നാല്‍ ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കേണ്ടിയിരുന്നില്ലെന്നും ബിഷപ്പ് എത്തുന്നത് വരെ ചില വൈദീകരെയാണ് ചോദ്യം ചെയ്തിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിഷപ്പ് ഹൗസിലെ സുരക്ഷാജീവനക്കാര്‍ ആക്രമണം നടത്തി.ക്യാമറകള്‍ തല്ലിത്തകര്‍ത്ത അവര്‍ മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു.