ജയരാജന്റെ മന്ത്രി സഭയിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിനും നാടകീയതകള്‍ക്കുമൊടുവില്‍ 

Update: 2018-08-14 03:39 GMT
Advertising

അനിശ്ചിതത്വത്തിനും നാടകീയതകള്‍ക്കും ഒടുവിലാണ് ഇ.പി ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള മടക്കം. ഇടവേളക്ക് ശേഷം, നഷ്ടപ്പെട്ട അതേ വകുപ്പുകളിലേക്ക് തന്നെ തിരിച്ചെത്തുമ്പോള്‍ കൂടുതല്‍ കരുത്തനാവുകയാണ് ഇ.പി ജയരാജന്‍. വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ പിണറായി മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു ഇ.പി ജയരാജന്‍. വകുപ്പ് വ്യവസായം. നിയമസഭയിൽ പിണറായി വിജയന്റെ തൊട്ടടുത്ത് ഇരിപ്പിടം. സെക്രട്ടേറിയറ്റ്‌ മന്ദിരത്തിൽ മുഖ്യമന്ത്രിക്ക് തൊട്ടെതിർവശത്ത്‌ ഓഫീസ്‌.

പക്ഷെ, എല്ലാത്തിനും 142 ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വ്യവസായ വകുപ്പിന് കീഴിലെ ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ മാനേജിങ്‌ ഡയറക്ടറായി ഭാര്യാസഹോദരിയും പാർട്ടി കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതിടീച്ചറുടെ മകനെ അവരോധിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ടു. മുഖ്യമന്ത്രിയും കൈയ്യൊഴിഞ്ഞതോടെ 2016 ഒക്ടോബർ 14ന് രാജി. പക്ഷെ, ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് രക്ഷകനായി.

ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്തതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതോടെ ജയരാജന്റെ മടങ്ങിവരവ് മണത്തതാണ്. സി.പി.ഐയുടെ എതിര്‍പ്പ് അത് അല്‍പം വൈകിപ്പിച്ചെന്ന് മാത്രം. കേന്ദ്ര കമ്മിറ്റിയിലെ സീനിയോറിറ്റി ജയരാജന് മന്ത്രിസഭയിലും സീനിയോറിറ്റി നല്‍കും. അതുകൊണ്ട് തന്നെ രണ്ടാമൂഴത്തില്‍ പൂര്‍വാധികം ശക്തനാണ് ഇപി. വെടിയുണ്ടകള്‍ക്കും വിവാദങ്ങള്‍ക്കും തോല്‍പിക്കാനാകാത്ത ശൌര്യവും ശൈലിയും കൂട്ട്.

Full View
Tags:    

Similar News