ദുരിതാശ്വാസ ക്യാമ്പുകളില്‍ എന്തൊക്കെയാണ് അത്യാവശ്യം നല്‍കേണ്ടതെന്നറിയാം...
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് ഭക്ഷണവും, ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ്. വസ്ത്രവും, കുടിവെള്ളവും നല്‍കുന്നതിനാണ് സംഘടനകളും, വ്യക്തികളും പിന്നീട് മുന്‍ഗണന നല്‍കേണ്ടത്. ഓരോ ജില്ലകളിലേയും കളക്ട്രേറ്റുമായി ബന്ധപ്പെട്ടാല്‍ എവിടെയാണ് സാധനങ്ങള്‍ ഏല്‍പ്പിക്കേണ്ടതെന്ന് വ്യക്തമാവും. നേരിട്ട് ക്യാംപുകളിലെത്തി സഹായം നല്‍കുന്നത് രാഷ്ട്രീയ പാര്‍ട്ടികളടക്കം ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കാനാണ് തീരുമാനമെങ്കില്‍ അരി, ആട്ട, റവ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പാചക എണ്ണ എന്നിവ നല്‍കുന്നതിന് മുന്‍ഗണ നല്‍കണം. ബക്കറ്റ്, കപ്പ്, സോപ്പ്, പാത്രങ്ങള്‍ എന്നിവയും അത്യാവശ്യമാണ്. വസ്ത്രം നല്‍കുമ്പോള്‍ പുതിയത് തന്നെ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. കുടിവെള്ളമില്ലാത്തതിന്റെ ബുദ്ധിമുട്ടും ക്യാമ്പുകളിലടക്കം നേരിടുന്നുണ്ട്.
ബെഡ്, ബെഡ്ഷീറ്റ്, പുതപ്പ്, സാനിട്ടറി നാപ്കിന്‍ എന്നിവയുടെ കുറവ് പല സ്ഥലത്തുമുണ്ട്. നോട്ട്ബുക്ക്, പേന, പെൻസിൽ, സ്ക്കൂൾ ബേഗ് എന്നിവയാണ് പിന്നീട് വേണ്ട അത്യാവശ്യ സാധനങ്ങള്‍. കോഴിക്കോട് മാനഞ്ചിറക്ക് സമീപമുള്ള ഡി.ടി.പി.സി ഓഫീസില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം പ്രത്യേക കൌണ്ടര്‍ തുറന്നു. കോഴിക്കോട് കളക്ടേറ്റില്‍ സഹായ ധനം ഡി.ഡിയായും,ചെക്കായും സ്വീകരിക്കുന്നുണ്ട്. ഇങ്ങനെ പണം നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവും ലഭിക്കും.