വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ എം.ഡിമാരുടെയും സി.ഇ.ഒമാരുടെയും യാത്രക്ക് മാര്‍ഗ നിര്‍ദ്ദേശം
വ്യവസായ വകുപ്പിന്റെ അനുമതിയില്ലാതെ യാത്രകള്‍ നടത്തരുതെന്ന് സര്‍ക്കുലറിറക്കി. വിദേശ ടൂറുകള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ ഉണ്ടാകും
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ എം.ഡിമാരുടെയും സി.ഇ.ഒമാരുടെയും യാത്രക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നു. വ്യവസായ വകുപ്പിന്റെ അനുമതിയില്ലാതെ യാത്രകള്‍ നടത്തരുതെന്ന് സര്‍ക്കുലറിറക്കി. വിദേശ ടൂറുകള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
പൊതുമേഖല സ്ഥാപനങ്ങള്‍ പലതും വലിയ നഷ്ടത്തിലാണ്. പക്ഷേ അപ്പോഴും എംഡിമാരുടേയും സിഇഒമാരുടേയും യാത്രകള്‍ക്ക് കുറവില്ല. എല്ലാ യാത്രകളും ഔദ്യോഗിക യാത്രകളാക്കി മാറ്റി ഉയര്‍ന്ന ബത്തയും സ്റ്റര്‍ ഹോട്ടലുകളില്‍ താമസവുമായി വലിയ തുക സര്‍ക്കാറില്‍നിന്നും വാങ്ങുന്നതായി പല ഘട്ടങ്ങളിലും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
സംസ്ഥാനത്തിന് പുറത്തേക്ക് നടത്തുന്ന യാത്രകള്‍ക്ക് വ്യവസായ വകുപ്പില്‍നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം.യാത്രക്ക് അനുമതി ലഭിച്ചാല്‍ സര്‍ക്കാര്‍ അംഗീകൃത റൂള്‍ പ്രകാരമെ യാത്ര ബത്ത,ഹോട്ടല്‍ മുറി വാടക എന്നിവയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാവൂ. മാര്‍ക്കറ്റ് സ്റ്റഡിയുടേ പേരില്‍ പല എം.ഡിമാരും സി.ഇ.ഒമാരും സ്വകാര്യ ടൂറുകള്‍ നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യാക സര്‍ക്കുലര്‍ ഇറക്കിയത്. ഉത്തരവ് ഇറങ്ങിയതിന് ശേഷം കെല്‍ട്രോണ്‍ എം.ഡിക്ക് ഡല്‍ഹി യാത്രക്ക് വ്യവസായ വകുപ്പ് അനുമതി നല്‍കി.