ശക്തമായ മഴ തുടരുന്നു; ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ നിലമ്പൂരടക്കമുള്ള സ്ഥലങ്ങളില്‍ കനത്ത ജാഗ്രത
വയനാട് തലപ്പുഴയില്‍ ഒരാളെ ഒഴുക്കില്‍ പെട്ട് കാണാതായതായി സംശയം. നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിലമ്പൂരടക്കമുള്ള സ്ഥലങ്ങളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. വയനാട് തലപ്പുഴയില്‍ ഒരാളെ ഒഴുക്കില്‍ പെട്ട് കാണാതായതായി സംശയം. നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
എങ്ങും തോരാത്ത മഴ. മലയോരത്തും നഗരത്തിലുമെല്ലാം ഇത് തന്നെ അവസ്ഥ. ഒപ്പം ശക്തമായ കാറ്റും. പുഴകള്‍ നിറഞ്ഞ് കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി. കഴിഞ്ഞ രാത്രിയില്‍ ഉരുള്‍പൊട്ടലുണ്ടായ കണ്ണൂര്‍ അയ്യാംകുന്ന് ഒരുപ്പുംകുറ്റിയിലെ ഏഴാം കടവ് മേഖല ഒറ്റപെട്ടു. രണ്ട് നടപ്പാലങ്ങള്‍ ഒലിച്ചു പോയതോടെയാണിത്. കോഴിക്കോട് കനത്ത മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റും നിലനില്‍ക്കുന്നു. മലയോരത്തെ തോരാത്ത മഴയില്‍ ഇരുവഞ്ഞിയിലും ചെറുപുഴയിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി.
കനത്ത മഴയില്‍ കോഴിക്കോട് നഗരത്തിലെ റോഡുകളിലും വെള്ളകെട്ടുകള്‍ രൂപം കൊണ്ടു. മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീഴുകയും ചെയ്തു. രാവിലെ ഒന്ന് മഴ മാറി നിന്ന് വയനാട്ടില്‍ വൈത്തിരിയടക്കമുള്ള മേഖലകളില്‍ നിലവില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. തലപ്പുഴയില്‍ ഒരാളെ കാണാതായതായുള്ള സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്ന മലപ്പുറത്തെ കുരുവാരകുണ്ട് -ചാലിയാര്‍ പഞ്ചായത്തുകളില്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
ഇന്നലെ വൈകുന്നേരം മുതല്‍ നിലയ്ക്കാത്ത മഴയാണ് ജില്ലയില്‍ പലയിടത്തും. പാലക്കാട്ടും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മലമ്പുഴ ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ കല്‍പാത്തി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. വാളയാര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. ഡാം തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുള്ളിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മൂന്നാമത്തെ മുന്നറിയിപ്പും നല്‍കി. കാസര്‍ഗോഡും രണ്ട് ദിനമായി കനത്ത മഴയാണ്. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.