പ്രളയത്തിനിടെ കലക്ടറെ ട്രോളിയ യുവതിക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശം
ജില്ലാ ഭരണകൂടങ്ങളുടെ ദുരിതാശ്വാസപ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാന്‍ കലക്ടര്‍മാരും ഉദ്യോഗസ്ഥരും സദാസമയവും ജാഗരൂകരാണ്.
സംസ്ഥാനം പ്രളയക്കെടുതിയില്‍ വിറയ്ക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയഭീതിയിലാണ് കേരളം. ആഴ്ചകളായി സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതച്ച് പെയ്യുകയാണ്. ഇതിനോടകം നിരവധി പേരുടെ ജീവനും സ്വത്തും പ്രളയം കവര്‍ന്നു കഴിഞ്ഞു. ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം എത്തിച്ചുനല്‍കാനുള്ള നെട്ടോട്ടത്തിലാണ് ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍. ജില്ലാ ഭരണകൂടങ്ങളുടെ ദുരിതാശ്വാസപ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാന്‍ കലക്ടര്‍മാരും ഉദ്യോഗസ്ഥരും സദാസമയവും ജാഗരൂകരാണ്. സഹായം ആവശ്യമുള്ളവര്‍ക്ക് ഫേസ്‍ബുക്കിലൂടെ അത് അറിയിക്കാനുള്ള അവസരം ഒരുക്കിയ എറണാകുളം കലക്ടറും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പെരുമഴയത്ത് തന്നെയാണ്.
എന്നാല്‍ ചിലരുടെ ദുരിതങ്ങളും പ്രയാസങ്ങളും സുരക്ഷിത സ്ഥാനങ്ങളിലിരുന്ന് ആസ്വദിക്കുന്ന ചിലരുമുണ്ട് ഈ സമൂഹത്തില്‍ എന്ന് തെളിയിക്കുകയാണ് എറണാകുളം ജില്ലാ കലക്ടറുടെ ഫേസ്‍ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു കമന്‍റ്. നോബി അഗസ്റ്റന്‍ എന്ന പേരിലുള്ള ഫേസ്‍ബുക്ക് അക്കൌണ്ടില്‍ നിന്നുള്ള കമന്‍റുകളാണ് സോഷ്യല്‍ മീഡിയയുടെ രോഷത്തിന് ഇരയായിരിക്കുന്നത്. ‘’എന്‍റെ പേര് നോബി, ഞാന്‍ താമസിക്കുന്നത് കൊച്ചിയിലെ പെരിയാര്‍ റെസിഡന്‍സി ഫ്ലാറ്റിലാണ്. ഇവിടെ വന്‍ വെള്ളപ്പൊക്കമാണ്... എന്ന് തുടങ്ങുന്ന കമന്‍റിലാണ് കലക്ടറെ പരിഹസിക്കുന്നത്. താങ്കളുടെ നമ്പര്‍ തരാന്‍ കലക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ഒരു ഹെലികോപ്റ്റര്‍ അയച്ചു തരണം, അതിന് പണം ഞാന്‍ തരാമെന്നും നോബി കമന്‍റില്‍ കുറിച്ചതാണ് സോഷ്യല്‍ മീഡിയയുടെ രോഷത്തിന് ഇരയായത്.