മലപ്പുറത്ത് മഴക്കെടുതിയില്‍ 15 മരണം

കൊണ്ടോട്ടിയില്‍ രണ്ടിടത്തായി മലയിടിച്ചിലില്‍ മാത്രം 11 പേര്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2018-08-15 14:34 GMT
Advertising

മഴക്കെടുതിയില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് മരിച്ചത് 15 പേരാണ്. കൊണ്ടോട്ടിയില്‍ രണ്ടിടത്തായി മലയിടിച്ചിലില്‍ മാത്രം 11 പേര്‍ മരിച്ചു. ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടെ ഐക്കരപ്പടി പൂച്ചാലില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. 12 മണിയോടെ പെരിങ്ങാവില്‍ ഇരുനില കെട്ടിടത്തിന് മുകളിലേക്ക് മലയിടിഞ്ഞ് വീണ് ഒമ്പതു പേര്‍ മരിച്ചു. കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന വിധം ചെരിഞ്ഞതിനാല്‍ സൈന്യമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Full View

ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തിയാണ് മൃതദേഹങ്ങളെല്ലാം പുറത്തെടുത്തത്. ഒരാളെ രക്ഷിക്കാനും കഴിഞ്ഞു. തിരൂര്‍ക്കാട് നിര്‍മാണത്തിലിരുന്ന മസ്ജിദ് കെട്ടിടം തകര്‍ന്ന് ബംഗാള്‍ സ്വദേശി മരിച്ചു. നാല് പേര്‍ ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്. തിരൂര്‍ കൊടിഞ്ഞിയില്‍ ഒരാള്‍ ഷോക്കേറ്റും കുഴിമണ്ണയില്‍ ഒരാള്‍ ഒഴുക്കില്‍പെട്ടും മരിച്ചു.

കൊണ്ടോട്ടി, മലപ്പുറം കൂട്ടിലങ്ങാടി, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, പെരുമ്പടപ്പ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. നിലമ്പൂര്‍ അടക്കമുള്ള മലയോര മേഖലയിലും പൊന്നാനി അടക്കമുള്ള തീരദേശത്തും ഒരു പോലെ ശക്തമായ മഴ തുടരുകയാണ്.

കുന്നുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ നിര്‍ബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Tags:    

Similar News