റാന്നിയില്‍ 300 ഓളം പേര്‍ കുടുങ്ങി കിടക്കുന്നു
റാന്നി നഗരമടക്കം വെള്ളത്തിന്നടിയിലായി. ഉയര്‍ന്ന പ്രദേശങ്ങളിലും ടെറസുകളിലും അഭയം തേടിയവരും ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടിയത്.
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയില്‍ മലയോര പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. റാന്നിയില്‍ മാത്രം 300 ല്‍ പരം പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. കോഴഞ്ചേരി, ആറന്‍മുള, തിരുവല്ല ഭാഗങ്ങളില്‍ പമ്പയാറ് കരകവിഞ്ഞൊഴുകുന്നതിനാല്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. പ്രദേശത്ത് വ്യോമസേന ഹെലികോപ്ടറുകളില്‍ അടക്കം രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലയില്‍ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
കനത്ത മഴയും ചെറുതും വലുതുമായ പത്തോളം ഉരുള്‍പൊട്ടലും മൂലം പമ്പയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് സ്ഥിതി ഏറെ സങ്കീര്‍ണമാക്കിയത്. അച്ചന്‍ കോവിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ പരിധിയില്‍ പോലും ചില പ്രദേശങ്ങള്‍ വെള്ളത്തിന്നടിയിലാണ്. പമ്പയാറിന്റെ തീര പ്രദേശമായ റാന്നിയിലാണ് കനത്ത നാശനഷ്ടമുണ്ടായത്. റാന്നി നഗരമടക്കം വെള്ളത്തിന്നടിയിലായി. ഉയര്‍ന്ന പ്രദേശങ്ങളിലും ടെറസുകളിലും അഭയം തേടിയവരും ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടിയത്.
താഴ്ന്ന പ്രദേശങ്ങളിലും അപ്പര്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പലര്‍ക്കും വസ്ത്രങ്ങളോ മറ്റ് അവശ്യ സാധനങ്ങളോ വീടുകളില്‍ നിന്ന് മാറ്റുന്നതിന് പോലും അവസരം ലഭിച്ചില്ല.
നേവിയുടെയും കരസേനയുടെയും ദുരന്ത നിവാരണ സേനയുടെയും കൂടുതല്‍ സംഘങ്ങള്‍ പത്തനംതിട്ടയിലേക്ക് എത്തും. കോന്നിയില്‍ വെള്ളം കയറിയ വീട്ടിലെ വൈദ്യുതി പ്രവാഹത്തില്‍ പെട്ട് വൃദ്ധ മരിച്ചു. ചിറ്റാറില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ട് പേരെ കാണാതായിട്ടുണ്ട്.