ജൈസൽ കെ.പി, കേരളം ‘മുതുകിലേറ്റി’ ഈ നന്മയെ

Update: 2018-08-19 14:58 GMT
Advertising

ജൈസൽ കെ പി എന്ന താനൂർക്കാരനായ മത്സ്യ തൊഴിലാളിയാണ് ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ. ദേശിയ മാധ്യമങ്ങളിൽ വരെ ജൈസലിനെ വാഴ്ത്തി വാർത്ത വന്നിട്ടുണ്ട്. വേങ്ങര മുതലമാട് രക്ഷാ പ്രവർത്തനം നടത്തുന്നതിനിടയിൽ സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിന് വേണ്ടി സ്ത്രീകളായ മൂന്ന് പേർക്ക് വേണ്ടി തന്റെ മുതുക് സ്‌റ്റെപ്പ് രൂപത്തിൽ വെച്ച് സഹായിച്ച ജൈസലിന്റെ നന്മയെ വാഴ്ത്തുകയാണ് ഇന്ന് സോഷ്യൽ മീഡിയ. “മത്സ്യ തൊഴിലാളികളാണ് കേരളത്തിന്റെ സൈന്യം” എന്ന് പറഞ്ഞ മുഖ്യ മന്ത്രിയുടെ വാക്കുകളെ വീണ്ടും അടിവരയിടുന്ന സംഭവമായി ജൈസൽ കെ പി യുടെ സഹായം. മൂന്ന് മിനുട്ടോളമാണ് ജൈസൽ പ്രളയം ബാധിച്ച വേങ്ങരയിലെ വെള്ളത്തിൽ മുതുക് താഴ്ത്തി കയറാനുള്ള സ്‌റ്റെപ്പ് രൂപത്തിൽ ഇരുന്നത്. ചെരുപ്പ് ധരിച്ച് കയറുന്ന ഉമ്മയോട് “മെല്ലെ ചവിട്ടിൻ അത് കല്ലല്ല” എന്ന് വേറൊരാൾ പറയുന്നതും ഈ വിഡിയോയിൽ കേൾക്കാം. കേരളം നേരിടുന്ന തീവ്ര പ്രളയത്തിനിടയിലെ രക്ഷാ കാഴ്ചകൾക്കിടയിലെ ഈ വിഡിയോ ഏവരുടെയും കണ്ണ് നിറക്കുന്നതായിരുന്നു. 'മലപ്പുറം ട്രോമാ കെയർ' അംഗമായ ജൈസൽ ഇപ്പോൾ തൃശൂരിലെ മാളയിൽ രക്ഷാ പ്രവർത്തനത്തിലാണ്. ട്രോമാ കെയറിലെ എല്ലാവരും തന്നെ സജീവമായ രക്ഷാപ്രവർത്തനത്തിലെ ഒരു ചെറിയ സംഭവം മാത്രമാണിതെന്നാണ് ജൈസൽ പറയുന്നത്. രക്ഷാ പ്രവർത്തനത്തിനിടയിൽ അവിടെയുണ്ടായിരുന്ന ആരോ വിഡിയോ എടുത്ത് ഫേസ്ബുക്കിൽ ഇട്ടതാണെന്നാണ് ജൈസൽ പറയുന്നത്. എന്തായാലും ജൈസലിന്റെ നന്മയെ ആവോളം വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ.

Full View
Tags:    

Similar News