മൊബൈലും ഇന്റര്‍നെറ്റും നിലച്ചു; രക്ഷകനായി ഹാം റേഡിയോ

പ്രളയ ദുരന്തത്തില്‍ വിവരങ്ങള്‍ കൈമാറാനാവാതെ ഒറ്റപ്പെട്ടവര്‍ക്കായി നിസ്വാര്‍ത്ഥമായ സേവനമാണ് ഹാം റേഡിയോ ഓപറേറ്റര്‍മാര്‍ ചെയ്യുന്നത്. വാഹനങ്ങളിലും ഈ സംവിധാനം ഒരുക്കാന്‍ സാധിക്കും.

Update: 2018-08-19 10:45 GMT
Advertising

മൊബൈലും ഇന്റര്‍നെറ്റും നിലച്ചതോടെ ആശയവിനിമയം സാധ്യമാകാത്ത നിലയിലാണ് പലയിടങ്ങളിലും ആളുകള്‍. ആ സമയത്താണ് ദുരന്ത നിവാരണ വാര്‍ത്താ മേഖലയില്‍ ഏറെ പ്രസിദ്ധമായ ഹാം റേഡിയോ രക്ഷക്കെത്തിയത്. പ്രളയക്കെടുതിയില്‍ വിലമതിക്കാനാവാത്ത സഹായമാണ് ഹാം റേഡിയോയിലൂടെ സാധ്യമാകുന്നത്.

മേശപ്പുറത്ത് പ്രവർത്തിക്കുന്ന ചെറിയ റേഡിയോ സ്റ്റേഷൻ തന്നെയാണ് ഹാം വയർലസ് സെറ്റ് അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്ററും റിസീവറും ചേർന്നത്). ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത് പ്രവർത്തിക്കും.

പ്രളയത്തിലും ദുരിതത്തിലായ വയനാട്ടിലെ ആശയവിനിമയം മുടങ്ങാതിരിക്കാൻ കലക്ടറേറ്റിൽ ഹാം റേഡിയോ പ്രവർത്തനമാരംഭിച്ചിരുന്നു. അച്ഛനമ്മമാരുടെ വിവരമറിയാൻ കഴിയാതെ വിഷമിക്കുന്ന കേരളത്തിന് പുറത്ത് പഠിക്കാൻ പോയ കുട്ടികൾക്കും ഹാം റേഡിയോ സഹായമായി. ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അച്ഛൻ ചങ്ങനാശേരിയിൽ പഠിക്കാൻ പോയ മകളോട് ഹാം റേഡിയോ വഴി സംസാരിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്നു ദിവസമായിരുന്നു അവർ തമ്മില്‍ പരസ്പരം സംസാരിച്ചിട്ട്.

പ്രളയ ദുരന്തത്തില്‍ വിവരങ്ങള്‍ കൈമാറാനാവാതെ ഒറ്റപ്പെട്ടവര്‍ക്കായി നിസ്വാര്‍ത്ഥമായ സേവനമാണ് ഹാം റേഡിയോ ഓപറേറ്റര്‍മാര്‍ ചെയ്യുന്നത്. വാഹനങ്ങളിലും ഈ സംവിധാനം ഒരുക്കാന്‍ സാധിക്കും.

ഇന്ത്യയിൽ 2004 ഡിസംബർ 25-നു ഉണ്ടായ സുനാമി ആക്രമണത്തിൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ നിന്നും ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു വാർത്താവിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാർത്താവിനിമയത്തിനായി ഉപയോഗിച്ചത്. 2015- ൽ ഉത്തരേന്ത്യയിലും നേപ്പാളിലുമുണ്ടായ ഭൂകമ്പങ്ങളിലും ഹാമുകളുടെ സേവനം ആഗോളമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരുന്നു.

Full View
Tags:    

Similar News