കോഴിക്കോട് പതിനയ്യായിരത്തിലധികം ചത്ത കോഴികളെ പുഴയില്‍ തള്ളി; പ്രതിഷേധവുമായി നാട്ടുകാര്‍
തോട്ടുമുക്കം മലങ്കുണ്ട് മേഖലയില്‍ നിരവധി കോഴിഫാമുകളില്‍ വെള്ളം കയറി പതിനായിരക്കണക്കിന് കോഴികളാണ് ദിവസങ്ങള്‍ക്കു മുമ്പ് ചത്തത്.
കോഴിക്കോട് തോട്ടുമുക്കത്ത് കോഴിഫാമില്‍ മലവെള്ളം കയറി ചത്ത പതിനയ്യായിരത്തിലധികം കോഴികളെ ഫാമുടമ പുഴയില്‍ തള്ളി. ദിവസങ്ങള്‍ക്ക് മുമ്പ് ചത്ത കോഴികളെ ഒഴുക്കുകുറഞ്ഞപ്പോള്‍ പുഴയില്‍ തള്ളുകയായിരുന്നു. ഫാമുടമക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി.
തോട്ടുമുക്കം മലങ്കുണ്ട് മേഖലയില്‍ നിരവധി കോഴിഫാമുകളില്‍ വെള്ളം കയറി പതിനായിരക്കണക്കിന് കോഴികളാണ് ദിവസങ്ങള്‍ക്കു മുമ്പ് ചത്തത്. പല ഫാമുടമകളും ചത്ത കോഴികളെ കുഴിച്ചുമൂടുകയായിരുന്നു. എന്നാല്‍ അരീക്കോട് സ്വദേശിയുടെ ഫാമില്‍ ചത്ത കോഴികളെയാണ് ഒഴുക്ക് കുറഞ്ഞ സമയത്ത് പുഴയില്‍ തള്ളിയത്. ചത്ത കോഴികളിലധികവും പുഴയുടെ തീരത്തും മറ്റുമായി അടിഞ്ഞിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ഇതുയര്‍ത്തുന്നത്.
ഈ പുഴ ചാലിയാറിലാണ് എത്തിചേരുന്നത്. പുഴയുടെ തീരത്തുള്ള കിണറുകളും ഇതുമൂലം മലിനമായി. കടുത്ത ദുര്‍ഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.