ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കാന്‍ എംപിമാര്‍ക്ക് നിര്‍ദ്ദേശം
മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കണമെന്ന് രാജ്യസഭ അധ്യക്ഷനും ലോക്സഭ സ്പീക്കറും. ഇക്കാര്യം അറിയിച്ച് അംഗങ്ങള്‍ക്ക് കത്തയച്ചു. വെള്ളം ഇറങ്ങുമ്പോൾ അടിയന്തര മെഡിക്കല്‍ സംഘം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയും അറിയിച്ചു.
കേരളത്തിലെ മഴക്കെടുതി വിലയിരുത്താനായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു വിളിച്ച യോഗത്തിലാണ് തീരുമാനം. മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. ഇക്കാര്യം അറിയിച്ച് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവും ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജനും എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് എംപി ഫണ്ടില്‍ നിന്നും ഒരു കോടി വരെ ചിലവഴിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ 3,757 മെഡിക്കല്‍ ക്യാമ്പുകളിലേക്കായി 90 തരം മരുന്നുകളാണ് ആവശ്യമായിരിക്കുന്നതെന്നും ആദ്യ ഘട്ട മരുന്നുകള്‍ അയച്ചുകഴിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ അറിയിച്ചു. വെള്ളം ഇറങ്ങുമ്പോൾ അടിയന്തര മെഡിക്കല്‍ സംഘം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ എംപിമാരുടെയും എംഎല്‍എമാരുടെയും ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ശിവസേനയും അറിയിച്ചു.