ഇതാണ് അസിയാ ബീവി, ഒരു ദുരിതാശ്വാസ ക്യാമ്പിനെ ഒന്നാകെ ജിമിക്കി കമ്മല്‍ കളിപ്പിച്ച താരം
ജീവിത ദുഃഖങ്ങൾക്ക് മുന്നിൽ പലപ്പോഴും പകച്ച് നിൽക്കുന്ന നമുക്കാകെ മാതൃകയാവുകയാണ് അസിയാ ബീവിയെന്ന ഈ വീട്ടമ്മ
എറണാകുളം മുളന്തുരുത്തി സെന്റ് തോമസ് ദയറാ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഇന്ന് മലയാളികൾക്ക് സുപരിചിതമാണ് . തന്റെ കൊച്ചു കൂട്ടുകാരുമായി ചേർന്നുള്ള ഒരു നൃത്തത്തിലൂടെ , കഴിഞ്ഞു പോയ ദുരിതങ്ങളെയാകെ മറന്നു കളയാൻ നമ്മളെ പഠിപ്പിച്ച അസിയാ ബീവി താമസിക്കുന്ന ക്യാമ്പ് . ജീവിത ദുഃഖങ്ങൾക്ക് മുന്നിൽ പലപ്പോഴും പകച്ച് നിൽക്കുന്ന നമുക്കാകെ മാതൃകയാവുകയാണ് അസിയാ ബീവിയെന്ന ഈ വീട്ടമ്മ .
പ്രളയക്കെടുതികൾക്കിടയിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ട് , മലയാളികൾ അത്ഭുതപ്പെട്ട അസിയാ ബീവിയെ തേടിയാണ് ഞങ്ങൾ മുളന്തുരുത്തിയിലെ ക്യാമ്പിലെത്തിയത് . നിറഞ്ഞ ചിരിയോട് കൂടി തന്നെയാണ് അവർ തന്റെ ദുരിതകാലത്തെപ്പറ്റി വിവരിച്ചത്. ഒടുവിൽ ഞങ്ങളുടെ ആവശ്യത്തിന് വഴങ്ങി വീണ്ടും ആ ചുവടുകൾ വയ്ക്കാൻ അസിയാ ബീവി തയ്യാറായി . ആ ക്യാമ്പിന്റെ ഭാഗമായിരുന്ന മുഴുവൻ ആളുകളും വീണ്ടും അവരെ കയ്യടിച്ച് പ്രോൽസാഹിപ്പിച്ചു .
മഹാപ്രളയത്തിൽ വെള്ളം കയറി തങ്ങളുടെ വാടക വീട് മുങ്ങാറായപ്പോളാണ് , അസിയാ ബീവിയും കുടുംബവും ആദ്യമായി ചേരാനെല്ലൂരിലെ ക്യാമ്പിലെത്തിയത് . എന്നാൽ ആ ക്യാമ്പിലും വെള്ളം ഇരച്ചെത്തി . അവിടെ നിന്നുമാണവർ രോഗിയായ ഭർത്താവ് നിസാമുദ്ദീനെയും മൂന്ന് മക്കളെയും ചേർത്ത് പിടിച്ച് മുളന്തുരുത്തിയിലെ ക്യാമ്പിലെത്തിയത് . ആയുസ് കാലത്തെ സമ്പാദ്യങ്ങളാകെ തകർന്നു പോയിട്ടും അസിയ തളർന്നില്ല . സ്വന്തം ചിരിയിലൂടെ ആ ക്യാമ്പ് അംഗങ്ങളെയാകെ തങ്ങളുടെ ദു:ഖങ്ങൾ തത്കാലത്തെങ്കിലും മറക്കാൻ അവർ പാകപ്പെടുത്തി . സ്വന്തം നൃത്തത്തിലൂടെ മലയാളികളുടെ അതിജീവന സ്വപ്നങ്ങളുടെ ആവേശമായി . ഇരു കൈകളും നീട്ടി തന്നെയും കൂട്ടുകാരെയും സ്വീകരിച്ച ഈ ലോകത്തിന് മുന്നിൽ അവർ തന്റെ ആഗ്രഹങ്ങൾ മറച്ചു വയ്ക്കുന്നില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മഹാപ്രളയത്തെ അതിജീവിച്ച മലയാളി സമൂഹത്തോട് ഇനി ഞങ്ങൾക്കും ഒന്നും പറയാനില്ല . പറയേണ്ടതെല്ലാം അവർ നമ്മളോടായി പറഞ്ഞു കഴിഞ്ഞു .