ജമാഅത്തെ ഇസ്‍ലാമി ദേശീയ നേതാക്കള്‍ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍മാരായ നുസ്രത്ത് അലി, ആരിഫ് അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം
ജമാഅത്തെ ഇസ്‍ലാമി ദേശീയ നേതാക്കള്‍ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍മാരായ നുസ്രത്ത് അലി, ആരിഫ് അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ജനങ്ങളും സര്‍ക്കാറും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് നേതാക്കള്‍ സന്ദര്‍ശനത്തിന് ശേഷം വ്യക്തമാക്കി.
മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നായ പനമരം മേഖലയിലാണ് ജമാഅത്തെ ഇസ്‍ലാമി നേതാക്കള്‍ സന്ദര്‍ശനം നടത്തിയത്. ബാണാസുര ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ വീടുകള്‍ മുഴുവന്‍ ഒരാഴ്ചയിലധികം വെള്ളത്തിനടിയിലായിരുന്നു. വയനാട്ടില്‍ ഇവിടെ മാത്രം ഏതാണ്ട് അന്‍പതിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. വയനാട്ടിലെ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ രാജ്യത്തിന്റെ എല്ലാഭാഗത്ത് നിന്നും സഹായമെത്തേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അസിസ്റ്റന്റ് അമീര്‍ നുസ്രത്ത് അലി വ്യക്തമാക്കി.
കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ജനങ്ങളും സര്‍ക്കാറും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ദുരിതബാധിത മേഖലകളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ എന്‍ജിഒകള്‍ക്ക് സൌകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അഖിലേന്ത്യ അസിസ്റ്റന്റ് അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ അബ്ദുള്‍ അസീസ്, അസിസ്റ്റന്റ് അമീര്‍മാരായ ഷെയ്ക്ക് മുഹമ്മദ്, പി.മുജീബ് റഹ്‍മാന്‍, വി.ടി അബ്ദുള്ളക്കോയ എന്നിവരും ദേശീയ നേതാക്കളോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.