യു.എ.ഇയുടെ സഹായം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
യു.എ.ഇ യുടെ സഹായ വാഗ്ദാനത്തിന്‍റെ കാര്യത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 700 കോടി രൂപ നല്‍കുമെന്ന് യു.എ.ഇ ഭരണാധികാരികള്‍ വ്യവസായി യൂസഫലിയെ അറിയിച്ചതനുസരിച്ചതാണ് താന്‍ മാധ്യമങ്ങളെ അറിയിച്ചത്. സഹായം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു. എ.ഇയുടെ സഹായവാഗ്ദാനം സംബന്ധിച്ച വിവാദം തുടരവെയാണ് മുഖ്യമന്ത്രി വ്യക്തത വരുത്തിയത്.
യു.എ.ഇയുടെ ധനസഹായം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച കേന്ദ്ര നിലപാടിനോട് യോജിക്കാനാവില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രഖ്യാപിക്കാത്ത സഹായത്തെ ചൊല്ലി വിവാദമുണ്ടാക്കിയത് സി.പി.എമ്മാണെന്ന് പി എസ് ശ്രീധരന്‍ പിള്ളയും പറഞ്ഞു.