പ്രളയദുരന്തത്തിന്റെ കെടുതികള്‍ക്കിടെ മലയാളിക്ക് ഇന്ന് തിരുവോണം
ക്യാംപില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ കൂടി ആയതിനാല്‍ തിരുവോണത്തിന് പകിട്ട് കുറയും.
ഇന്ന് തിരുവോണം. പ്രളയദുരന്തത്തിന്റെ കെടുതികള്‍ക്ക് നടുവിലാണ് മലയാളികളുടെ ഇത്തവണത്തെ ഓണം. വലിയ വിഭാഗം മലയാളികളുടെയും ഓണം ദുരിതാശ്വസ ക്യാംപിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ നേരത്തേ റദ്ദാക്കിയിരുന്നു.
മലയാളിക്ക് ഇങ്ങനെയൊരോണം ഇതാദ്യം. പൂക്കളങ്ങള്‍ക്കും പൂവിളികള്‍ക്കും പകരം പ്രളയം ബാക്കിവെച്ച ദുരിതങ്ങളാണ് എങ്ങും. പതിവ് ഉത്രാടപാച്ചിലിന്റെ തിരക്കോ ബഹളമോ ഇന്നലെയില്ലായിരുന്നു. കച്ചവടക്കാരുടെയും കര്‍ഷകരുടെയും ഓണപ്രതീക്ഷകളും പ്രളയം താറുമാറാക്കി. ഓണത്തിനായി കരുതിവെച്ചതെല്ലാം ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്ക് നല്‍കുകയാണ് മറ്റുള്ളവര്‍. സര്‍ക്കാരിന് പുറമേ മറ്റ് ക്ലബുകളും സംഘടനകളും ഓണാഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മലയാള സിനിമയിലും ഓണറിലീസുകളില്ല. ദുരിതകാലത്തെ അതിജീവിച്ച് മലയാളികള്‍ നേടിയ സമൃദ്ധിയുടെ ആഘോഷമാകും അടുത്ത ഓണം. ആ ഓണക്കാലത്തിനായി നമുക്ക് കാത്തിരിക്കാം.
തിരുവോണമെന്നാല്‍ പമ്പാനദിയുടെ തീരത്തുള്ള ആറന്‍മുള നിവാസികള്‍ക്ക് സവിശേഷ ആഘോഷങ്ങളുടെ ദിനമാണ്. പക്ഷേ പ്രളയം ബാക്കിവെച്ച തീരാദുഃഖങ്ങള്‍ക്കിടെ തിരുവോണവും ഇവര്‍ക്ക് അതിജീവനത്തിന്റെ ഒരു രാപ്പകല്‍ മാത്രം.
വെള്ളം ഇറങ്ങിയ വീടുകളിലേക്ക് പലരും മടങ്ങിയെത്തിയെങ്കിലും സമ്പാദ്യങ്ങളെല്ലാം നശിച്ച നിസഹായവസ്ഥയാണ് മിക്കയിടത്തും. ഏറ്റവും സുരക്ഷിതമാണെന്ന് കരുതിയിരുന്നിടത്ത് പോലും പ്രളയം ജലം കടന്നെത്തി. ജീവനെ മാത്രം സംരക്ഷിച്ച് മറുകര തേടിപ്പോയവര്‍ വീടുകളിലേക്ക് മടങ്ങിയെത്തി. രാപ്പകല്‍ അധ്വാനിച്ച് സ്വരുക്കൂട്ടിയതെല്ലാം നഷ്ടമായവര്‍ക്ക് തിരുവോണവും പരീക്ഷണ നാളുകളിലെ മറ്റൊരു ദിനം മാത്രം.
കോയിപ്പുറത്തെ പ്ലാവേലിച്ചിറയിലെ 16 കുടുംബങ്ങള്‍, സ്വയരക്ഷയെ കരുതി അഭായാര്‍ത്ഥികളായതാണ്. എല്ലാ സഹായങ്ങളും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുന്നുവെന്നാണ് ഇവരുടെ പരാതി. വീട്ടുപകരണങ്ങള്‍ മാത്രമല്ല, പലര്‍ക്കും ജീവിതോപാധികള്‍ വരെ നഷ്ടപ്പെട്ടു. അപ്രതീക്ഷിതമായാണ് പ്രളയ ജലം ഇരച്ചെത്തിയത്, ഇതോടെ പലരുടെയും പ്രതീക്ഷകളും താളം തെറ്റി. സകലതും തകര്‍ത്ത പ്രളയ ജലം വിട്ടൊഴിഞ്ഞെങ്കിലും അത് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇവിടുള്ളവര്‍ ഇനിയും മുക്തരായിട്ടില്ല. നഷ്ടമായതെല്ലാം വീണ്ടെടുക്കാന്‍ ഇനിയുമെത്ര ഓണക്കാലം കഴിയണം.
പ്രളയം ഓണവിപണിയെയും കവർന്നെടുത്തു
പ്രളയം കവർന്നെടുത്തത് ഓണവിപണിയെ കൂടിയാണ്. ഓണത്തിനായി എത്തിച്ച നിരവധി സാധനങ്ങളാണ് വ്യാപാരികൾക്ക് നഷ്ടമായത്. എങ്കിലും ഉള്ളത് കൊണ്ട് ഓണം ആഘോഷിക്കുകയാണ് ഇവർ.