പ്രളയക്കെടുതിയിൽ തിരുവോണ നാളിൽ സജീവമായി മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റും

റവന്യൂ, ഭക്ഷ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഓഫീസിലെത്തിയതോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും തടസ്സമില്ലാതെ നടന്നു.

Update: 2018-08-25 08:41 GMT
Advertising

പ്രളയക്കെടുതിക്കിടയിലുള്ള തിരുവോണനാളില്‍ മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റും സജീവമായിരുന്നു. റവന്യൂ, ഭക്ഷ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഓഫീസിലെത്തിയതോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും തടസ്സമില്ലാതെ നടന്നു. ഉച്ചക്ക് 12 മണി വരെ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 24.5 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്.

Full View

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ ദിവസവും രാവിലേയും വൈകിട്ടും മുഖ്യമന്ത്രി വിലയിരുത്താറുണ്ട്. തിരുവോണനാളിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സമുണ്ടായില്ല. രാവിലെ 9.30ന് തന്നെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെത്തി. പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും ഓഫീസില്‍ സജീവമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നിരവധി ആളുകൾ രാവിലെ സെക്രട്ടറിയേറ്റിലെത്തി. വ്യോമസേന 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

മറ്റ് മന്ത്രിമാരുടെ ഓഫീസും സജീവമായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട റവന്യൂ, ഭക്ഷ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവധി ക്രമപ്പെടുത്തിയത് മൂലം ഓഫീസ് പ്രവര്‍ത്തനത്തിന് ആവശ്യമായ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇന്ന് ജോലിക്ക് എത്തിയവര്‍ക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും. പ്രളയക്കെടുതി മൂലം സെക്രട്ടറിയേറ്റിലെ ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന് വച്ചിരിന്നു. മറ്റ് ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    

Similar News