കേരളത്തിനുള്ള മണ്ണെണ്ണയും സൌജന്യമല്ല; കേന്ദ്രം 12000 ലിറ്റർ മണ്ണെണ്ണ അനുവദിച്ചത് 70 രൂപ നിരക്കില്‍
12000 ലിറ്റർ മണ്ണെണ്ണ 13 രൂപ നിരക്കിൽ സബ്സിഡിയോടെ നൽകണമെന്നായിരുന്നു സിവിൽ സപ്ലൈസ് വകുപ്പ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തോട് രേഖാമൂലം ആവശ്യപ്പെട്ടത്. ആവശ്യം കേന്ദ്രം തള്ളി
മണ്ണെണ്ണ സൌജന്യനിരക്കിൽ അനുവദിക്കണമെന്ന കേരളത്തിൻറെ ആവശ്യവും കേന്ദ്രം തളളി. 12000 ലിറ്റർ മണ്ണെണ്ണ 70 രൂപ നിരക്കിലാണ് കേന്ദ്രം അനുവദിച്ചത്. നേരത്തെ അരി സൌജന്യ നിരക്കിൽ അനുവദിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് വിവാദമായിരുന്നു.
പ്രളയത്തിൻറെ പശ്ചാത്തലത്തിലാണ് സൌജന്യ നിരക്കിൽ മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചത്. 12000 ലിറ്റർ മണ്ണെണ്ണ 13 രൂപ നിരക്കിൽ സബ്സിഡിയോടെ നൽകണമെന്നായിരുന്നു സിവിൽ സപ്ലൈസ് വകുപ്പ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തോട് രേഖാമൂലം ആവശ്യപ്പെട്ടത്. ആവശ്യം തളളിയ കേന്ദ്ര സർക്കാർ ലിറ്ററിന് 70 രൂപ നിരക്കിലാണ് മണ്ണെണ്ണ അനുവദിച്ചത്. സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭിച്ചിരുന്നെങ്കിൽ കേരളം 1.5 ലക്ഷം രൂപ മാത്രം നൽകിയാൽ മതിയാകും. എന്നാൽ സബ്സിഡി ഇല്ലാത്തതിനാൽ 8 ലക്ഷത്തോളം രൂപ കേരളം കേന്ദ്രത്തിന് നൽകേണ്ടി വരും.
പെട്രോളിയം മന്ത്രാലയത്തിൻറെ നിലപാടിനെതിരെ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കാനാണ് സംസ്ഥാന സർക്കാറിൻറെ തീരുമാനം. നേരത്തെ സമാന അനുഭവമാണ് അരിയുടെ കാര്യത്തിലും കേന്ദ്രത്തിൻറെ ഭാഗത്ത് നിന്നുണ്ടായത്. സൌജന്യ നിരക്കിന് പകരം അരി കിലോ 25 രൂപക്കാണ് ആദ്യം കേരളത്തിന് അനുവദിച്ചത്. വിവാദമായതോടെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ ഇത് പിന്നീട് പിൻവലിക്കുകയായിരുന്നു.