കേരളം പ്രളയക്കെടുതികളില്‍ നിന്ന് കര കയറുന്നു; ഇനിയും ദുരിതം തീരാതെ ജനങ്ങള്‍
വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ചിട്ടുള്ളതിനാല്‍ ഭക്ഷണം പോലും പാകം ചെയ്യാനാവാതെ വിഷമിക്കുകയാണ് വീട്ടിലേക്ക് മടങ്ങിയവര്‍
എറണാകുളം ജില്ല പ്രളയകെടുതികളില്‍ നിന്ന് കര കയറുന്നു. നിലവില്‍ 62 ക്യാമ്പുകളിലായി 27, 000 പേര്‍ മാത്രമാണ് ഇപ്പോള്‍ കഴിയുന്നത്. വീടുകളിലേക്ക് ഇനിയും മടങ്ങാനാകാത്തവര്‍ക്കായി സര്‍ക്കാര്‍ പകരം താമസ സൌകര്യം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍.
ലക്ഷങ്ങളില്‍ നിന്ന് വെറും 27,000 പേരിലേക്ക് ചുരുങ്ങുകയാണ് എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ എണ്ണം. ഇപ്പോള്‍ 62 ക്യാമ്പുകള്‍ മാത്രമേ ജില്ലയില്‍ അവശേഷിക്കുന്നുള്ളൂ. 7500 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ അന്തിയുറങ്ങുന്നു. ഇവരില്‍ പലരും വീട് പൂര്‍ണ്ണമായി തകര്‍ന്നവരാണ്. വാസയോഗ്യമല്ലാതായ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ തങ്ങള്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സര്‍ക്കാര്‍ നയം വ്യക്തമാക്കിയിട്ടുണ്ട്. 29ന് സ്കൂളുകള്‍ തുറക്കാനിരിക്കെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി സര്‍ക്കാര്‍ തന്നെ മറ്റൊരിടം കണ്ടെത്തിത്തരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍. ചെളി കയറി നാശമായ വീടുകളുടെ ശുചീകരണം യുദ്ധകാല അടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. ഇതര ജില്ലകളില്‍ നിന്ന് പോലും സന്നദ്ധപ്രവര്‍ത്തകരുടെ സാന്നിധ്യം ഇതിനായി എറണാകുളം ജില്ലയിലുണ്ട്. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്ത് മാത്രമേ ശുചീകരണ ജോലികള്‍ ചെയ്യാവൂ എന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. ഇന്നത്തോട് കൂടി 90 ശതമാനം വീടുകളെങ്കിലും പൂര്‍വ്വസ്ഥിതിയിലാക്കാമെന്നാണ് പ്രതീക്ഷ. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ജില്ലയില്‍ ഇനിയും കുറയ്ക്കാനാകുമെന്നും ജില്ലാ ഭരണകൂടം കണക്കു കൂട്ടൂന്നു.
തൃശൂരില്‍ ഇപ്പോഴും 20 ശതമാനം ആളുകള്‍ ക്യാമ്പില്‍
തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഭൂരിഭാഗം പേരും വീടുകളിലേക്ക് മടങ്ങി. ഇനി അന്‍പതിനായിരം പേര്‍ മാത്രമാണ് ക്യാമ്പുകളില്‍ അവശേഷിക്കുന്നത്. വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ചിട്ടുള്ളതിനാല്‍ ഭക്ഷണം പോലും പാകം ചെയ്യാനാവാതെ വിഷമിക്കുകയാണ് വീട്ടിലേക്ക് മടങ്ങിയ ഭൂരിഭാഗം പേരും.
രണ്ടര ലക്ഷത്തിലധികം ആളുകളുണ്ടായിരുന്നു തൃശൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍. ഇനി 20 ശതമാനം പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. വീടുകളിലേക്ക് പോയവര്‍ക്ക് വീടെത്തി എന്ന ആശ്വാസം മാത്രമാണുള്ളത്. വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായി ഒലിച്ചു പോകുകയോ നനഞ്ഞ് കേടു വരികയോ ചെയ്തിട്ടുണ്ട്.
സന്നദ്ധ പ്രവര്‍ത്തകരാണ് പല ഭാഗത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. വെള്ളത്തിന്റെ കുറവ് ശുചീകരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കൂടുതല്‍ ടാങ്കറുകളില്‍ ആവശ്യമായ ഇടങ്ങളില്‍ വെള്ളമെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വിവിധ വകുപ്പുകള്‍ നഷ്ടപരിഹാരവിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള നിരോധം ഈ മാസം മുപ്പത് വരെ നീട്ടിയതായി ജില്ല കലക്ടര്‍ അറിയിച്ചു.
പത്തനംതിട്ടയില്‍ ഇനിയും 88 ദുരിതാശ്വാസക്യാമ്പുകള്‍
പത്തനംതിട്ടയിൽ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചു. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് അതത് പഞ്ചായത്തുകളിൽ സംവിധാനം ഒരുക്കുന്നതിനും നടപടിയായി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 88 ആയി കുറഞ്ഞു.
543 ദുരിതാശ്വാസ ക്യാമ്പുകളെന്നത് 88 ആയി കുറഞ്ഞത് ആശ്വാസകരമാണെങ്കിലും ശ്വുചീകരണ പ്രവർത്തനങ്ങളിൽ വേഗതയില്ലാത്തത് തലവേദനയാണ്. നിലവിൽ പ്രവർത്തിക്കുന്ന 88 ക്യാമ്പുകളിൽ 70 എണ്ണം തിരുവല്ല താലൂക്കിലാണ്. കോഴഞ്ചേരിയിൽ 14 ഉം റാന്നിയിൽ 4 ക്യാമ്പുകളുമുണ്ട്. മല്ലപ്പള്ളി, കോന്നി, അടൂർ താലൂക്കുകളിലെ ക്യാമ്പുകളെല്ലാം ഇതിനോടകം പിരിച്ചുവിട്ടു. ജില്ലയിലെ 53 പഞ്ചായത്തുകളിൽ 45 എണ്ണം പ്രളയബാധിതമാണെന്നും ഇതിൽ 18 പഞ്ചായത്തുകളിൽ വലിയ നാശ നഷ്ടങ്ങളുണ്ടെന്നുമാണ് വിലയിരുത്തൽ. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങൾ കുന്നുകൂട്ടുന്നതിന് പഞ്ചായത്ത് തലത്തിൽ നിക്ഷേപ കേന്ദ്രങ്ങൾ വേണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് സംഭരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിൽ യുണിസെഫ് വളണ്ടിയർമാരും വരും ദിവസങ്ങളിൽ പങ്കാളികളാവും.
വാസയോഗ്യമല്ലാത്ത വീടിന് മുന്നില്‍ പകച്ച് വയനാട്ടുകാര്‍
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് തിരിച്ചെത്തിയിട്ടും ദുരിതമൊഴിയാതെ വയനാട് പനമരം വാകയാട്ട്പൊയില്‍ നിവാസികള്‍. പ്രദേശത്തെ വീടുകളിലെല്ലാം ചെളികെട്ടി നില്‍ക്കുകയാണ്. മാലിന്യം കെട്ടികിടന്ന് പകര്‍ച്ചവ്യാധി സാധ്യത നിലനില്‍ക്കുന്ന സാഹചര്യവും പ്രദേശത്തുണ്ട്.
കഴിഞ്ഞ ദിവസമാണ് വയനാട് പനമരം വാകയാട്ട്പൊയില്‍ നിവാസികള്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചെത്തിയത്. പ്രദേശത്തെ പലവീടുകളും പൂര്‍ണമായും നശിച്ചു. പലരും വീടുകളില്‍ താമസിക്കാനാവാത്ത സാഹചര്യം മൂലം ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.
വീടുകളില്‍ ചളികെട്ടിനില്‍ക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതിനും കിടന്നുറങ്ങാനും സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. പ്രദേശത്തെ പഞ്ചായത്ത് കിണറില്‍ നിന്നാണ് ഇവര്‍ കുടിവെള്ളം ശേഖരിച്ചിരുന്നത്. മാലിന്യം നിറഞ്ഞ് കിണര്‍ ഉപയോഗശൂന്യമായതോടെ ഇപ്പോള്‍ ഏറെ ദൂരം സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്.
മഴയില്‍ പ്രദേശത്തുകാരുടെ വീട്ടുപകരണങ്ങളും വിലപ്പെട്ട രേഖകളും പൂര്‍ണമായും ഒലിച്ചുപോയി. മഴയില്‍ പ്രദേശത്തേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. ഇപ്പോള്‍ മഴയെ അതിജീവിച്ച ഒറ്റയടിപാലം മാത്രമാണ് ഇവര്‍ക്ക് പുറത്തേക്ക് പോവാനുള്ള ഏക ആശ്രയം. ചളികെട്ടി കിടക്കുന്നതിനാല്‍ പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരാരും ഇതുവരെ ഇവിടെയെത്തിയിട്ടിലെന്നും ഇവര്‍ പറയുന്നു
'പിഴല' പ്രളയത്തില്‍ മുങ്ങിയപ്പോള്‍: ഒറ്റപ്പെട്ടത് ആയിരത്തിലധികം വീടുകള്‍
ഉള്‍നാടന്‍ മത്സ്യബന്ധനത്തിലൂടെ സ്വയം പര്യാപ്തത കൈവരിച്ച എറണാകുളം കടമക്കുടിയിലെ പിഴല ദ്വീപും മഹാപ്രളയത്തിന്‍റെ ആഘാതത്തിലാണ്. ദിവസങ്ങളോളം ഒറ്റപ്പെട്ടു പോയ പ്രദേശം വിട്ടിറങ്ങിയവര്‍, തിരിച്ചെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് എല്ലാം നശിച്ച കാഴ്ചയാണ്.
പ്രളയം കടമക്കുടിയെയും കവര്‍ന്നെടുത്തപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പിഴല നിവാസികളുമുണ്ടായിരുന്നു. എന്നാല്‍ 70 ശതമാനത്തിലധികം മത്സ്യ തൊഴിലാളികള്‍ താമസിക്കുന്ന ഈ പ്രദേശത്ത് പ്രളയമൊഴിഞ്ഞ് തിരിച്ചെത്തിയ പലരും ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ചീന വലകള്‍ക്കും മീന്‍ കൂടകള്‍ക്കും പുറമെ പ്രദേശത്തെ ഏക്കറുകണക്കിന് ചെമ്മീന്‍ കെട്ടുകളും പൊക്കാളി കൃഷിയും പ്രളയത്തില്‍ തകര്‍ന്നു.1000ത്തില്‍പ്പരം വീടുകളും 4600 ആളുകളും മാത്രം താമസിക്കുന്ന പിഴല ദ്വീപിന്റെ കഥ മാത്രമല്ലിത്.
ഇന്നില്ല, കരടിയോടെന്ന ഈ പ്രദേശം
പാലക്കാട് തിരുവിഴാംകുന്ന് കരടിയോടുണ്ടായ ഉരുൾപൊട്ടലിൽ ഒരു പ്രദേശം തന്നെയാണ് ഇല്ലാതായത്. വലിയ കൃഷിനാശവും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഈ പ്രദേശത്തുണ്ടായി.
റബ്ബർ തോട്ടവും, ആദിവാസികളുടെ വാഴ കൃഷിയും, തെങ്ങും തുടങ്ങി സർവ്വതും ഉരുൾപൊട്ടലിൽ തകർന്നു. പ്രദേശത്തുണ്ടാക്കുന്ന കോഴിഫാമുകളും മണ്ണിനടിയിലായി. പതിനായിരത്തിലധികം കോഴികൾ ചത്തു.
ഉരുൾപൊട്ടലിൽ ഒരു ആദിവാസി കുടുംബത്തിലെ 3 പേർ മരിച്ചിരുന്നു. ഭാഗ്യം കൊണ്ട് മാത്രണ് കരടിയോട് കോളനിയിലെ മറ്റുള്ളവർ രക്ഷപെട്ടത്. ഏതു സമയവും നിലംപൊത്താനായ രൂപത്തിലാണ് കൂറ്റൻ മൺകൂന കരടിയോട് ആദിവാസി കോളനിക്ക് മുകളിൽ നിൽക്കുന്നത്.
കോട്ടയം കിടങ്ങറയിലെ ഭൂരിഭാഗം വീടുകളും പ്രളയക്കെടുതിയില്‍ തകര്‍ന്നു
കോട്ടയം ജില്ലയിലെ കിടങ്ങറയിലെ ഭൂരിഭാഗം വീടുകളും പ്രളയക്കെടുതിയില്‍ തകര്‍ന്നു. ദുരിതാശ്വാസ ക്യാമ്പു കളില്‍ നിന്ന് മടങ്ങിയെത്തിയാലും വീടുകള്‍ താമസയോഗ്യമാക്കാന്‍ ഇവിടെയുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരും.