നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും
റണ്‍വേ അടക്കമുള്ള മേഖലകളിൽ വെള്ളം കയറിയതോടെയായിരുന്നു വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചത്. കൂടാതെ എയര്‍ലൈൻ, ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാരും പ്രളയ ദുരന്തത്തിൽ പെടുകയും ചെയ്തു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സർവീസ് നിർത്തിവെച്ച നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ആഭ്യന്തര, രാജ്യാന്തര വിമാനസര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്ന് വിമാനത്താവള കമ്പനി അറിയിച്ചു.
റണ്‍വേ അടക്കമുള്ള മേഖലകളിൽ വെള്ളം കയറിയതോടെയായിരുന്നു വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചത്. കൂടാതെ എയര്‍ലൈൻ, ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാരും പ്രളയ ദുരന്തത്തിൽ പെടുകയും ചെയ്തു. ആദ്യഘട്ടത്തിൽ കഴിഞ്ഞ 26 വരെ സർവീസ് നിർത്തിവെക്കാനായിരുന്നു തീരുമാനം. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സർവീസ് 29 വരെ നിർത്തി വെച്ചത്.
നാളെ രണ്ടു മണിമുതലായിരിക്കും സർവീസ് പുനരാരംഭിക്കുക. നെടുമ്പാശേരിയിൽ സർവീസ് നിർത്തിയതോടെ കൊച്ചി നേവല്‍ ബേസില്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇത് നാളെ ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.