പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു; ഒരു മാസത്തിനിടെ രണ്ട് രൂപയിലധികം വര്‍ധിച്ചു
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുകയാണ്.
പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂടുന്നു. ഒരു മാസത്തിനിടയില്‍ രണ്ട് രൂപയിലധികമാണ് വര്‍ധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുകയാണ്.
ക്രൂഡ് ഓയിലിന് ആഗോള മാര്‍ക്കറ്റിലുണ്ടായ വിലവര്‍ധനവും രൂപയുടെ മൂല്യത്തിലെ ഇടിവുമാണ് ദിനംപ്രതിയുള്ള വിലരവര്‍ധനയ്ക്ക് കാരണമായി എണ്ണ കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ മാസം ഒന്നാം തീയതി 71.75 ആയിരുന്നു കോഴിക്കോട് ഡീസല്‍ വില. ഇന്ന് അത് 73.98 ആയി മാറിയിരിക്കുന്നു. അതായത് രണ്ട് രൂപ 23 പൈസ ഈ മാസം മാത്രം വര്‍ധിച്ചു. ഇന്ന് മാത്രം കോഴിക്കോട്ടെ വിലവര്‍ധനവ് 19 പൈസ.
സമാനമായമായ രീതിയില്‍ തന്നെ പെട്രോളിന്‍റെ വിലയും ഓരോ ദിവസവും കൂടുകയാണ്. ഇന്ന് 13 പൈസ വര്‍ധിച്ചതോടെ പെട്രോള്‍ വില 80.54 എന്ന നിലയിലേക്ക് എത്തി. രണ്ട് രൂപ നാല് പൈസയാണ് ഈ മാസം ഒന്നാം തീയതിലെ നിരക്കില്‍ നിന്നുള്ള വര്‍ധനവ്. ഓരോ ദിവസവും വില വര്‍ധിക്കുന്നത് ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുവെന്നാണ് സാധാരണക്കാരുടെ പ്രതികരണം.