പുറംമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പ്രളയാനന്തര പുനരധിവാസം സാധ്യമോ?
വെള്ളം ഇറങ്ങി വീടുകളിലേക്ക് തിരികെയെത്തിയപ്പോഴാണ് വീടില്ലെന്ന കാര്യം പലരും അറിയുന്നത്. പുറമ്പോക്കില്‍ താമസിക്കുന്നവരായതിനാല്‍ വീട് പുനര്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.
ആലപ്പുഴ ചങ്ങനാശേരി റോഡിന്റെയും എസി കനാലിന്റെയും അരികിലുള്ള അമ്പതിലധികം വീടുകളാണ് പ്രളയത്തില്‍ നിലം പൊത്തിയത്. പുറമ്പോക്കില്‍ താമസിക്കുന്നവരായതിനാല്‍ വീട് പുനര്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ ഇപ്പോള്‍ താല്കാലിക ഷെഡുകളിലാണ് താമസിക്കുന്നത്.
എസി റോഡിന്റെയും എസി കനാലിന്റെ വശങ്ങളിലായി അഞ്ഞൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ചിലര്‍ക്ക് പട്ടയം ഉണ്ടെങ്കിലും ഭൂരിഭാഗം പേരും പുറമ്പോക്കില്‍ തന്നെയാണ്. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ വീടുകള്‍ പലതും ഭാഗികമായും പൂര്‍ണമായും നിലംപൊത്തി. വെള്ളം ഇറങ്ങി വീടുകളിലേക്ക് തിരികെയെത്തിയപ്പോഴാണ് വീടില്ലെന്ന കാര്യം പലരും അറിയുന്നത്. ഇതോടെ എവിടേക്ക് പോകണമെന്ന് അറിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് പലരും.
കുട്ടനാട് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ജനങ്ങളെ രക്ഷിക്കാന്‍ ടിപ്പറുകള്‍ തലങ്ങും വിലങ്ങും ഓടിയതും വീടുകള്‍ ഇടിയാന്‍ കാരണമായി. റവന്യു വകുപ്പ് അധികൃതര്‍ വന്ന് തകര്‍ന്ന വീടുകളുടെ കണക്ക് എടുത്തുകൊണ്ട് പോയിട്ടുണ്ട്. പക്ഷേ റോഡ് പുറമ്പോക്കില്‍ തന്നെ പുതിയ വീട് നിര്‍മ്മിക്കാനാകുമോ എന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആശങ്ക..