നവകേരള നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി നിയമനം വിവാദത്തില്‍ 

കൺസൾട്ടൻസിയായി മന്ത്രിസഭ തീരുമാനിച്ച കെ.പി.എം.ജി എന്ന കമ്പനി നടത്തിയിട്ടുള്ള ക്രമക്കേടുകള്‍ സംബന്ധിച്ചാണ് വിവാദം

Update: 2018-09-03 11:55 GMT
Advertising

പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനം ഏൽപിച്ച കൺസൾട്ടൻസി കമ്പനിയെച്ചൊല്ലി വിവാദം. കൺസൾട്ടൻസിയായി മന്ത്രിസഭ തീരുമാനിച്ച കെ.പി.എം.ജി എന്ന കമ്പനി നടത്തിയിട്ടുള്ള ക്രമക്കേടുകള്‍ സംബന്ധിച്ചാണ് വിവാദം. കമ്പനിയുടെ വിശ്വാസ്യത സംബന്ധിച്ച് സർക്കാർ പരിശോധിക്കമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിന് കത്ത് നൽകി. എന്നാൽ പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു.

നെതർലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.പി.എം.ജി എന്ന കൺസൾട്ടൻസിയുടെ ഇടപാടുകളെ കുറിച്ച് അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അന്വേഷണം നേരിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബ്രിട്ടനിലെ ഒരു പൊതുമേഖലാ കോണ്‍ട്രാക്ടറുടെ അക്കൗണ്ടുകള്‍ക്ക് ഓഡിറ്റിംഗ് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ടും, ടെഡ് ബേക്കര്‍ എന്ന വസ്ത്ര-റീട്ടെയില്‍ സ്ഥാപനത്തില്‍ നടന്ന ഓഡിറ്റ് ക്രമക്കേടുകളെക്കുറിച്ചും നിരവധി ഗുരുതര വിമര്‍ശനങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് ഈ കമ്പനി ബ്രിട്ടനില്‍ നടപടി നേരിടുന്നതായും വാര്‍ത്തകളുണ്ട്. സൗത്ത് ആഫ്രിക്കയിലുളള ഗുപ്ത കുടുംബത്തിന്റെ കമ്പനികളുടെ ഓഡിറ്റിംഗ് ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നതിന്റെ പേരിലും ഈ കമ്പനി ആരോപണം നേരിട്ടിരുന്നു.

കെ.പി.എം.ജിയുടെ അമേരിക്കന്‍ സ്ഥാപനമായ കെ.പി.എം.ജി എല്‍.എല്‍.പി നികുതിവെട്ടിപ്പിന് കൂട്ടുനിന്നതിന്റെ പേരില്‍ ക്രിമിനല്‍ നടപടി നേരിട്ടതായും, തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കി കേസില്‍ നിന്നും ഒഴിവായതായും റിപ്പോര്‍ട്ടുകളുണ്ട്. യു.എ.ഇയിലെ അബ്രാജ് എന്ന സ്വകാര്യ ഇക്വറ്റി സ്ഥാപനത്തിന്റെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഈ സ്ഥാപനം അന്വേഷണം നേരിടുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലെ കമ്പനിയെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാതെ സർക്കാർ മുന്നോട്ട് പോകരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കമ്പനിയുടെ നിയമനം സംബന്ധിച്ച് പുനപരിശോധന ആവശ്യപ്പെട്ട് പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ കണ്‍വീനര്‍ മന്ത്രി ഇ.പി.ജയരാജന് രമേശ് ചെന്നിത്തല കത്ത് നല്‍കി.

വിവാദ കമ്പനിയെ നിയമിക്കുന്നതിനെക്കുറിച്ച് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എന്നാൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ആരോപണമെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നുമാണ് സർക്കാരിന്റെ വാദം.

Tags:    

Similar News