കുട്ടനാട്ടിലെ വെള്ളക്കെട്ട്; പരസ്പരം പഴിചാരി ഐസകും സുധാകരനും
പമ്പിംഗ് വൈകുന്നതില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അതൃപ്തി അറിയിച്ചു. സാഹചര്യം മുതലെടുത്ത് കോണ്‍ട്രാക്ടര്‍മാര്‍ സര്‍ക്കാറിനോട് വില പേശുകയാണ്.തോമസ് ഐസകിനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം.
കുട്ടനാട്ടിൽ വെള്ളം വറ്റിക്കാത്തതിനെച്ചൊല്ലി മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും തമ്മിൽ പരസ്യമായ വാക് പോര്. പമ്പിംഗ് വൈകുന്നതിന്റെ കാരണം, പണമനുവദിക്കുന്നവർ പരിശോധിക്കണമെന്ന് തോമസ് ഐസകിനെ വേദിയിലിരുത്തി ജി. സുധാകരൻ ആവശ്യപ്പെട്ടു. എന്നാല്‍ സ്വാഭാവികമായ കാലതാമസം മാത്രമാണുണ്ടായതെന്നായിരുന്നു തോമസ് ഐസകിന്റെ മറുപടി.
കുട്ടനാട്ടിൽ കൈനകരി മേഖലയിൽ വെള്ളപ്പൊക്കം തുടരുകയാണ്. വീടുകളിലേക്ക് ഇപ്പോഴും മടങ്ങാറായിട്ടില്ല. ഇതിനെച്ചൊല്ലിയാണ് ആലപ്പുഴയില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള നവകേരള ലോട്ടറി പ്രകാശന വേളയില്‍ മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും തമ്മില്‍ വാക് പോര് നടന്നത്. പ്രളയത്തെ അതിജീവിച്ച ജനതയ്ക്ക് കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ കഴിയാത്തതെന്തു കൊണ്ടെന്നായിരുന്നു അദ്ധ്യക്ഷ പ്രസംഗം നടത്തവെ സുധാകരന്റെ ചോദ്യം.
ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ തോമസ് ഐസക് ജി സുധാകരന് മറുപടി നല്‍കി. എന്തായാലും കൈനകരി മേഖലയിലെ വെള്ളം താഴാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.